21 October, 2019 10:41:04 AM
വോട്ടെടുപ്പിനെ പ്രതിസന്ധിയിലാക്കി മഴ; പോളിംഗ് സമയം നീട്ടുന്ന കാര്യം പരിഗണിക്കുമെന്ന് ടിക്കറാം മീണ
തിരുവനന്തപുരം: വോട്ടെടുപ്പിനെ പ്രതിസന്ധിയിലാക്കി മഴ തുടരുന്നതിനാല്‍ പോളിംഗ് സമയം കൂട്ടുന്നത് പരിഗണനയിലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് ഉണ്ടായതിനാല്‍ വോട്ടര്‍മാര്‍ക്ക് ബൂത്തില്‍ എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ പോളിംഗ് സമയം നീട്ടുന്ന കാര്യം തീരുമാനിക്കുമെന്ന് മീണ അറിയിച്ചു. വോട്ടെടുപ്പ് നടക്കുന്ന മഞ്ചേശ്വരം ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും കനത്ത മഴ തുടരുകയാണ്. മഞ്ചേശ്വരത്ത് കനത്ത പോളിംഗ് തുടരുകയാണ്. പ്രചാരണ രംഗത്ത് മുന്നണികള്‍ കാണിച്ച ആവേശം വോട്ടെടുപ്പ് ദിനത്തിലും തുടരുകയാണ്.
വെള്ളക്കെട്ട് മൂലം എറണാകുളത്ത് മൂന്ന് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു. 70 ശതമാനം ബൂത്തുകളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ആളുകള്‍ക്ക് വന്ന് വോട്ട് ചെയ്യാനുള്ള സൗകര്യങ്ങളില്ല. ഗുരുതരമായ സാഹചര്യമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് വി ഡി സതീശന്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്ത് കനത്ത മഴ തുടരുന്നതിനാല്‍ പോളിംഗ് മാറ്റിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.