13 October, 2019 11:51:27 AM
കാഴ്ചശക്തിയില്ലാത്ത ആദ്യ ഐഎഎസ് ഉദ്യോഗസ്ഥ പ്രാഞ്ജാൽ പാട്ടീല്‍ അനന്തപുരിയിൽ സബ് കളക്ടർ
തിരുവനന്തപുരം : അകകണ്ണിന്‍റെ വെളിച്ചത്തില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്കു നടന്നു കയറിയ പ്രാഞ്ജാല്‍ പാട്ടീല്‍ നാളെ മുതല്‍ തലസ്ഥാന ജില്ലയില്‍ സബ് കലക്ടര്‍. കേരളകേഡറില്‍ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് പ്രാഞ്ജാല്‍. ആറാം വയസില്‍ നഷ്ടപ്പെട്ട കാഴ്ചശക്തിയെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൈമുതലാക്കി ചെറുത്തുതോല്‍പ്പിച്ച പ്രാഞ്ജാല്‍ സബ് കലക്ടറാകുന്നത് സര്‍വീസിലെത്തിയിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയായ ഉടനെ.
സബ് കലക്ടറും തിരുവനന്തപുരം ആര്‍.ഡി.ഒയുമായി നാളെ ചുമതലയേല്‍ക്കുന്ന പ്രാഞ്ജാലിനെ ആര്‍.ഡി.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ടി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ലളിതമായ ചടങ്ങുകളോടെ സ്വീകരിക്കും. 2017 ല്‍ 124 ാം റാങ്ക് നേടിയാണ് മഹാരാഷ്ട്ര ഉല്ലാസ്‌നഗര്‍ സ്വദേശിയായ പ്രാഞ്ജാല്‍ പാട്ടീല്‍ സര്‍വീസിലെത്തുന്നത്. 2016 ല്‍ ആദ്യ ശ്രമത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 773ാം റാങ്ക് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്‌സ് സര്‍വീസ് വിഭാഗത്തില്‍ അവസരം ലഭിച്ചു.
റെയില്‍വേ പരിശീലനത്തിനു ക്ഷണിച്ചെങ്കിലും കാഴ്ചയില്ലെന്ന കാരണത്താല്‍ തഴഞ്ഞു. തിരിച്ചടികളില്‍ തളരാതെ പോരാടിയ പ്രഞ്ജാല്‍ അടുത്തതവണ തിളക്കമാര്‍ന്ന നേട്ടം കൈവരിക്കുകയായിരുന്നു. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജില്‍നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം, ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വലാശാലയില്‍നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം എന്നിവനേടിയശേഷമാണ് സിവില്‍സര്‍വീസിനായുള്ള പ്രാഞ്ജാലിന്റെ ശ്രമം. വ്യവസായിയായ കോമള്‍ സിങ് പാട്ടീലാണ് ഭര്‍ത്താവ്. അമ്മ ജ്യോതി പാട്ടീല്‍, അച്ഛന്‍ എല്‍.ബി. പാട്ടീല്‍ സഹോദരന്‍ നിഖില്‍.