09 October, 2019 08:20:02 PM


ഷാനിമോള്‍ സ്വയം 'പൂതന'യായി: മന്ത്രി സുധാകരന് ക്ലീന്‍ ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍



തിരുവനന്തപുരം: അരൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ 'പൂതന' പരാമർശം നടത്തിയെന്ന ആരോപണത്തില്‍ മന്ത്രി ജി.സുധാകരനു ക്ലീൻ ചിറ്റ് നൽകി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. മന്ത്രിയുടെ പ്രസംഗത്തിന്‍റെ വിഡിയോ പരിശോധിച്ച ശേഷം വസ്തുതാപരമായ റിപ്പോർട്ട് നൽകണമെന്നു ടിക്കാറാം മ‍ീണ ആലപ്പുഴ ജില്ലാ കലക്ടറോടു നിർദേശിച്ചിരുന്നു. കലക്ടർ, എസ്പി എന്നിവരുടെ റിപ്പോർട്ടുകൾ പരിശോധിച്ചെന്നും മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും മീണ വ്യക്തമാക്കി. യുഡിഎഫിന്‍റെയും സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്‍റെയും പരാതികൾക്കെതിരെ ജി.സുധാകരൻ കലക്ടർക്കു പരാതി നൽകിയിരുന്നു. ഇതും പരിശോധിച്ചു. 


ഷാനിമോൾ ഉസ്മാനെയോ സ്ത്രീത്വത്തെയോ അപമാനിക്കുന്ന ഒന്നും പ്രസംഗത്തിൽ പരാമർശിച്ചിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ വാദം. ഷാനിമോൾ ഉസ്മാന്‍റെ പേരോ ഷാനിമോൾ ഉസ്മാൻ പൂതനയാണെന്നോ യുഡിഎഫ് സ്ഥാനാർഥി പൂതനയാണെന്നോ ഏതെങ്കിലും സ്ഥാനാർഥി പൂതനയാണെന്നോ പറഞ്ഞിട്ടില്ലെന്നും പൂതനമാർക്കു ജയിക്കാൻ ഉള്ളതല്ല അരൂർ മണ്ഡലം എന്നു പറഞ്ഞതിലൂടെ ഏതെങ്കിലും പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചിരുന്നില്ലെന്നും മന്ത്രി പരാതിയിൽ വിശദീകരിച്ചു. സ്വയം പൂതനയാണെന്നു വ്യാഖ്യാനിച്ച് യുഡിഎഫ് സ്ഥാനാർഥികളും അനുയായികളും സത്യവിരുദ്ധമായ പ്രചാരണം നടത്തി തന്നെ അപമാനിക്കുകയാണെന്നും പരാതിയിൽ സുധാകരൻ ചൂണ്ടിക്കാട്ടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K