04 October, 2019 02:54:10 PM
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് സിൻസിനാറ്റി: 'ഞാൻ മേരിക്കുട്ടി'യിലൂടെ ജയസൂര്യ മികച്ച നടനായി
കൊച്ചി: അമേരിക്കയിൽ വച്ച് നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് സിൻസിനാറ്റിയിൽ മികച്ച നടനായി ജയസൂര്യയെ തെരഞ്ഞെടുത്തു. ഞാൻ മേരിക്കുട്ടി എന്ന സിനിമയിലെ വിസ്മയകരമായ അഭിനയത്തിനാണ് താരത്തെ തേടി പുരസ്ക്കാരമെത്തിയത്. 2018ൽ റിലീസ് ചെയ്ത സിനിമയിൽ ട്രാൻസ്ജൻഡറിന്റെ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. സാമൂഹിക വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിനിമയാണ് ഈ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നത്.
ഇന്ത്യയിൽ നിന്നും 500 സിനിമകളാണ് പ്രദർശനത്തിനെത്തിയത്. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ പ്രദർശനത്തിനെത്തിയിരുന്നു.ഈ നേട്ടം വലിയ അംഗീകരമായി കരുതുന്നുവെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. രഞ്ജിത്ത് ശങ്കറാണ് ഞാൻ മേരിക്കുട്ടി സംവിധാനം ചെയ്തത്. ജുവൽ മേരി, അജു വർഗീസ്, ഇന്നസെന്റ് എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന അഭിനേതാക്കൾ.