04 October, 2019 02:08:07 PM
ഗാന്ധിയുടെ രൂപത്തിലേക്കു വെടിവച്ചവർ ഇപ്പോൾ എംപിമാര്‍; ഒരു കോടതിയും അവരെ ചോദ്യം ചെയ്തില്ല - അടൂർ
തിരുവനന്തപുരം: ആൾക്കൂട്ട കൊലപാതകങ്ങൾ തടയണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയ സംഭവത്തിൽ, എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട കോടതി ഉത്തരവിൽ പ്രതികരണവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഗാന്ധിയുടെ രൂപത്തിലേക്കു വെടിവച്ചവർ ഇപ്പോൾ എംപിമാരാണെന്നും ഒരു കോടതിയും അവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അടൂർ ചൂണ്ടിക്കാട്ടി.
ഒരു അനീതി നടക്കുന്നു എന്നു കണ്ടിട്ടാണു കത്തെഴുതിയത്. കത്തെഴുതിയ 49 പേരിൽ ആരും രാഷ്ട്രീയക്കാരല്ല. രാജ്യത്തു ജനാധിപത്യം നിലനിൽക്കുന്നു എന്ന വിശ്വാസത്തിലാണു കത്തെഴുതിയത്. ഈ ഹർജി കോടതി സ്വീകരിച്ചതിലാണു തനിക്ക് ആശങ്ക. ഒരു പീറക്കോടതി പോലും ഇങ്ങനെയൊരു കേസ് അഡ്മിറ്റ് ചെയ്യുമോ?. ഒരു കോമണ്‍സെൻസുള്ള കോടതി ഇങ്ങനെയൊരു കേസ് അഡ്മിറ്റ് ചെയ്യുമോ?. കേസ് സ്വീകരിച്ചതു തന്നെ നീതിന്യായ വ്യവസ്ഥയിൽ സംശയമുണ്ടാക്കുന്ന നടപടിയാണെന്നും അടൂർ കുറ്റപ്പെടുത്തി.
ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തിൽ ഗാന്ധിയുടെ രൂപത്തിലേക്കു ഒരു സ്ത്രീയും അനുചരൻമാരും ചേർന്നു വെടിവയ്ക്കുന്നു. ഗാന്ധിയുടെ ഓരോ ജന്മദിനത്തിലും ഇതാവർത്തിക്കും എന്നവർ പ്രഖ്യാപിക്കുന്നു. ഇവരൊന്നും രാജ്യദ്രോഹികളല്ല. ഗോഡ്സെയെ ദൈവമായി പ്രകീർത്തിച്ച് നടന്ന വേറൊരു സ്ത്രീയും ഇപ്പോൾ എംപിയാണ്. ഒരു കോടതിയും അവരെ ചോദ്യം ചെയ്യുന്നില്ലെന്നും അടൂർ ചൂണ്ടിക്കാട്ടി.
ചലച്ചിത്ര പ്രവർത്തകരടക്കമുള്ള 49 പ്രമുഖ വ്യക്തികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് ബിഹാറിലെ മുസഫർപുർ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരി ഉത്തരവിട്ടത്. അഭിഭാഷകനായ സുധീർ കുമാർ ഓജയാണു പരാതിക്കാരൻ. പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കമുണ്ടാക്കിയെന്നും പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചെന്നും ആരോപിച്ചാണു സുധീർ കുമാർ ഹർജി സമർപ്പിച്ചത്. എഴുത്തുകാരൻ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്നം, അടൂർ ഗോപാലകൃഷ്ണൻ, അനുരാഗ് കശ്യപ്, ചലച്ചിത്ര പ്രവർത്തകരായ രേവതി, അപർണാ സെൻ തുടങ്ങി വിവിധ മേഖലകളിലെ 49 പ്രമുഖ വ്യക്തികൾ കത്തിൽ ഒപ്പിട്ടിരുന്നു.