27 September, 2019 12:18:52 PM
മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരവും താമസസൗകര്യവും നല്‍കണമെന്ന് സുപ്രിം കോടതി
ദില്ലി: മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിപ്പിക്കുന്ന താമസക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. പ്രാഥമികമായി 25 ലക്ഷം രൂപ നക്ഷ്ടപരിഹാരം നല്‍കണം. ഇത് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണം. ഫ്ലാറ്റുടമകള്‍ക്ക് താമസസൗകര്യം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.
നഷ്ടപരിഹാരത്തിന് 100 കോടി വേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച സമയക്രമം കോടതി അംഗീകരിച്ചു. നാല് മാസത്തിനുള്ളില്‍ നടപടിക്രമം പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
തീരദേശ പരിപാലന നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് മെയ് എട്ടിനാണ് സുപ്രിം കോടതി മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്. വിധി നടപ്പിലാക്കി ഒരു മാസത്തിനകം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ്. മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്നാണ് കോടതി സ്വമേധയ കേസെടുത്തത്. ഈ മാസം 20നകം പൊളിക്കണമെന്ന് അന്ത്യശാസനം നല്‍കിയിരുന്നു.