19 September, 2019 07:40:50 PM
പാലാരിവട്ടം പാലം അഴിമതി: ആരോപണം ആവര്‍ത്തിച്ച് സൂരജ്; ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ ആരോപണം ആവർത്തിച്ച് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും കേസിൽ പ്രതികളിലൊരാളുമായ ടി.ഒ. സൂരജ്. മേൽപാലം നിർമിച്ച സ്വകാര്യ കമ്പനിക്ക് മുൻകൂറായി പണം നൽകാൻ അനുമതി നൽകിയത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്നാണു സൂരജ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപറേഷൻ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്തതെന്നും സൂരജ് ആവർത്തിക്കുന്നു.
ജയിലില്‍ കഴിയുന്ന സൂരജ് അടക്കമുള്ളവരുടെ റിമാൻഡ് കാലാവധി ഇന്നു അവസാനിക്കുന്ന സാഹചര്യത്തിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴായിരുന്നു പ്രതികരണം. മൂവാറ്റുപുഴ വിജിലൻസ് കോടതി അവധിയായതിനാൽ കൊച്ചിയിൽ നടക്കുന്ന ക്യാമ്പ് സിറ്റിംഗിലേക്കാണ് പ്രതികളെ എത്തിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിൽ സൂരജ് അടക്കം നാല് പ്രതികളെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നത്.
ഇതിനിടെ ടി.ഒ.സൂരജിന്റെ മൊഴിയും വിജിലൻസിന് ലഭിച്ച രേഖകളുടെയും അടിസ്ഥാനത്തില്‍ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ വിജിലൻസ് നീക്കം തുടങ്ങി. പാലം പണിയുമായി ബന്ധപ്പെട്ട അഴിമതി പണം മന്ത്രിയിലേക്ക് എത്തിയതിന്റെ ഉൾപ്പടെയുള്ള തെളിവുകൾ വിജിലൻസ് ശേഖരിച്ചുവെന്നാണ് സൂചന. എന്നാൽ ഇക്കാര്യം വിജിലൻസ് വൃത്തങ്ങൾ സ്ഥിരീകരിക്കുന്നില്ല. അതിനിടെ കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തിന്റെ യോഗം വിജിലൻസ് ഡയറക്ടർ വിളിച്ചിട്ടുണ്ട്. അറസ്റ്റിന് മുന്നോടിയായാണ് യോഗം നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം.
ഒരു തവണ ചോദ്യം ചെയ്ത ഇബ്രാഹിംകുഞ്ഞിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ കാരണങ്ങളാൽ ഇത് നീണ്ടു പോവുകയാണ്. മുൻമന്ത്രിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റിലേക്ക് നീങ്ങാനാണ് വിജിലൻസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. അതേസമയം പാലാ ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സമയത്ത് യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന്റെ മുൻ മന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് മുന്നണിക്ക് വലിയ സമ്മർദ്ദമുണ്ടാക്കും. ഇടതു കേന്ദ്രങ്ങൾ ഇത് പ്രചാരണ വിഷയമാക്കാൻ തുടങ്ങിയതോടെ പ്രതിരോധവുമായി യുഡിഎഫും രംഗത്തുവന്നിട്ടുണ്ട്.