18 September, 2019 02:42:06 PM
പാലാരിവട്ടം പാലം പഞ്ചവടിപ്പാലം എന്ന് ഹൈക്കോടതി; ജനങ്ങള്‍ക്ക് ഭീഷണിയെന്ന് സര്‍ക്കാര്‍
കൊച്ചി: പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെ ആയല്ലോ എന്നും പാലത്തിന്‍റെ ബലക്ഷയത്തിന് ഉത്തരവാദികൾ ആരെന്നും ഹൈക്കോടതി. പാലാരിവട്ടം പാലം അഴിമതിയിൽ നേരത്തെ അറസ്റ്റിലായ ടി ഒ സൂരജ് അടക്കമുളളവർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ചോദ്യം. പാലം നിർമാണത്തിന് ആരാണ് മേൽനോട്ടം വഹിച്ചതെന്ന കോടതിയുടെ ചോദ്യത്തിന് പൊതുജനത്തിന്‍റെ ജീവന് ഭീഷണിയാകും വിധത്തിലാണ് പാലം നിർമിച്ചതെന്നായിരുന്നു സർക്കാരിന്‍റെ മറുപടി.
സിനിമാ കഥ യാഥാര്‍ത്ഥ്യമാകുന്നത് പോലെയാണ് കാര്യങ്ങളുടെ പോക്കെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിമര്‍ശിച്ചു. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥരടക്കം കൂടുതൽ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും തെളിവുകൾ ശേഖരിച്ചു വരികയായെണെന്നുമാണ് വിജിലൻസിന്‍റെ വിശദീകരണം.
എന്നാൽ പാലം നിര്‍മ്മാണ നടപടികളിൽ താനൊരു ഉപകരണം മാത്രമായിരുന്നെന്നും സർക്കാർ ഫയലുകളിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്‍റെ അഭിഭാഷകൻ അറിയിച്ചു. സൂരജടക്കം റിമാൻഡിൽ കഴിയുന്ന പ്രതികളുടെ അഴിമതിയിലെ പങ്കാളിത്തവും നിലവിലെ അന്വേഷണ പുരോഗതിയും അറിയിക്കാനും സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ജാമ്യാപേക്ഷകൾ ഈ മാസം 24ന് വീണ്ടും പരിഗണിക്കും