06 September, 2019 10:29:50 PM


'ശബരിമല'യിൽ നിയമം കൊണ്ടു വരുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ: നിഷേധിച്ച് ദേവസ്വംമന്ത്രി



തിരുവനന്തപുരം: ശബരിമലയില്‍ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭരണത്തിനായി അതോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. കോടതിയില്‍ ഇത്തരം സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും വാര്‍ത്തയ്ക്ക് ആധാരമായ വിവരമെന്തെന്ന് പരിശോധിക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. ശബരിമലയിലെ ഭരണകാര്യങ്ങളിലുൾപ്പടെ കൃത്യമായ ചട്ടങ്ങളുമായി നിയമനിർമാണം നടത്തുമെന്നാണ് സംസ്ഥാന സർക്കാർ രേഖാമൂലം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമനിർമാണം നടത്തുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം പറഞ്ഞിരുന്നു. എന്നാൽ ഇതിൻമേൽ തുടർ നടപടികളൊന്നുമുണ്ടായില്ല. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ അത്തരം നിയമവഴികളിലൂടെ നീങ്ങില്ലെന്നാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദടക്കം വ്യക്തമാക്കിയത്. നിലവിൽ തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലാണ് ശബരിമല ക്ഷേത്രം. ദേവസ്വം ബോർഡ് ചട്ടങ്ങളിലാണ് ശബരിമല ക്ഷേത്രത്തിന്‍റെ ഭരണകാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ മാർഗരേഖയുള്ളത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K