06 September, 2019 10:24:10 PM
കെഎസ്ആർടിസിയുടെ അർത്തുങ്കൽ – വേളാങ്കണ്ണി ബസ് തമിഴ്നാട്ടിൽ തടഞ്ഞു; പരക്കെ പ്രതിഷേധം
വേളാങ്കണ്ണി: കേരളത്തിൽ നിന്നും വേളാങ്കണ്ണിയിലേക്കുള്ള തീർത്ഥാടകർക്കും മറ്റു ദീർഘദൂര യാത്രക്കാർക്കും ഏറെ ഉപകാരപ്രദമായി ആരംഭിച്ച ചേർത്തല – അർത്തുങ്കൽ – വേളാങ്കണ്ണി സൂപ്പർഫാസ്റ്റ് ബസ് തമിഴ്നാട്ടില്‍ തടഞ്ഞുവെച്ചു. വേളാങ്കണ്ണിയിൽ നിന്നും വൈകുന്നേരം 4.15ന് പുറപ്പെടേണ്ട ബസാണ് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ജീവനക്കാര്‍ ഒന്നരമണിക്കൂറോളം തടഞ്ഞു വെച്ചത്. മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ ബസ്സിനു മുന്നിൽ തടസ്സം നിർത്തുകയായിരുന്നു.
എസ് ഇ ടി സിയുടെ എറണാകുളം ബസ് പോയതിനു ശേഷം കെഎസ്ആർടിസി ബസ് പോയാൽ മതിയെന്ന നിലപാടായിരുന്നുവത്രേ അവർക്ക്. കെഎസ്ആർടിസി സർവ്വീസ് ആരംഭിച്ചതു മൂലം അവരുടെഎസ് ഇ ടി സി ഡീലക്സ് ബസ്സിന്‍റെ കളക്ഷൻ കുറയുന്നുവെന്നായിരുന്നു അവരുടെ വാദം. കെഎസ്ആർടിസി ബസ്സിനു കല്ലെറിയും എന്നു പറയുകയും ബസ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മലയാളികളായ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. വിവരങ്ങള്‍ കാണിച്ച് യാത്രക്കാർ ഗതാഗത മന്ത്രിയ്ക്കും കെഎസ്ആർടിസി എംഡിയ്ക്കും പരാതി നൽകി.