01 September, 2019 11:14:06 PM
തുഷാര്‍ കേസില്‍ ട്വിസ്റ്റ്! നാസില്‍ കാശ് കൊടുത്ത് ചെക്ക് സംഘടിപ്പിച്ചെന്ന ഫോണ്‍ ശബ്ദരേഖ പുറത്ത്
ദുബായ് : വണ്ടിച്ചെക്ക് ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസു കൊടുക്കാനായി കാശ് കൊടുത്ത് ചെക്ക് സംഘടിപ്പിച്ചു എന്ന് പരാതിക്കാരനായ നാസില്‍ പറയുന്ന ശബ്ദരേഖ പുറത്ത്. കൂട്ടുകാരന് അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്‍റെ ഒപ്പോടു കൂടിയ ബ്ലാങ്ക് ചെക്ക് തന്‍റെ കൈയില്‍ കിട്ടുമെന്ന് നാസില്‍ സുഹൃത്തിനോട് പറയുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നാസില്‍ അജ്മാനിലെ കോടതിയില്‍ കേസ് കൊടുക്കുന്നതിന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് സുഹൃത്തിന് അയച്ച ശബ്ദരേഖയാണ് പുറത്തായത്.
തുഷാര്‍ ജയിലിലായാല്‍ സഹായവുമായി വെള്ളാപ്പള്ളി നടേശന്‍ ഇടപെടുമെന്നും ചെക്കില്‍ ആറ് മില്യണ്‍ വരെ കിട്ടുന്ന പണം വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നുമാണ് നാസില്‍ സുഹൃത്തിനോട് പറയുന്നത്. തനിക്ക് തരാനുള്ള പണം കുറച്ചൊക്കെ തുഷാര്‍ തന്നിട്ടുണ്ടെന്നും തെളിയിക്കാന്‍ അദ്ദേഹത്തിന്‍റെ കൈയില്‍ രേഖകളില്ലാത്തതിനാല്‍ കേസ് കൊടുത്താല്‍ താന്‍ ജയിക്കുമെന്നും നാസില്‍ പറയുന്നുണ്ടത്രേ. എന്നാല്‍ ശബ്ദസന്ദേശം വളച്ചൊടിച്ചതാണെന്ന് നാസില്‍ മാധ്യമങ്ങളോട് പറഞ്ഞു.