29 August, 2019 08:17:38 AM
ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ജഡ്ജിയെ പിഎംഎല്‍എ ചെയര്‍മാനാക്കി നിയമിച്ചു
ദില്ലി: ഐ.എന്‍.എക്‌സ്. മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് സുനില്‍ ഗൗര്‍, കള്ളപ്പണ നിരോധനക്കേസുകള്‍ പരിഗണിക്കുന്ന ട്രിബ്യൂണലിന്റെ (എ.ടി.പി.എം.എല്‍.എ.) അധ്യക്ഷനാകും. സെപ്റ്റംബര്‍ 23-ന് ഗൗര്‍ ചുമതലയേല്‍ക്കും. ജസ്റ്റിസ് മന്‍മോഹന്‍ സിങ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി രണ്ടുദിവസത്തിനകം ജസ്റ്റിസ് ഗൗര്‍ ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ചിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറിപ്പ് അതേപടി പകര്‍ത്തിയാണ് ജസ്റ്റിസ് ഗൗര്‍ ചിദംബരത്തിനെതിരേ വിധിയെഴുതിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. വിരമിച്ച് ഒരാഴ്ചയ്ക്കകം അദ്ദേഹത്തിന് പുതിയ പദവി ലഭിച്ചതില്‍ ഹൃദയംഗമമായി അഭിനന്ദിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കാലപ്പ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവര്‍ക്കെതിരേ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നിയമനടപടി സ്വീകരിക്കുന്നതിനുള്ള ഉത്തരവിറക്കിയതും ജസ്റ്റിസ് ഗൗര്‍ ആണ്. അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍ പുരിയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതും അദ്ദേഹംതന്നെ.