27 August, 2019 10:45:29 AM
സാമ്പത്തികപ്രതിസന്ധിക്കിടെ രണ്ട് മന്ത്രിമാരുടെ ഓഫീസ് നവീകരികരിക്കാന്‍ ചെലവഴിച്ചത് 80 ലക്ഷം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ, മന്ത്രിമാരുടെ ഓഫീസ് മോടി കൂട്ടാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ധൂര്‍ത്ത്. മുഖ്യമന്ത്രിയുടെയും മന്ത്രി എ സി മൊയ്തീന്‍റെയും ഓഫീസ് നവീകരിക്കാന്‍ 80 ലക്ഷം രൂപ സര്‍ക്കാര്‍ ചെലവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിന്‍റെ മൂന്നാം നിലയിൽ മുഖ്യമന്ത്രിയുടെയും മന്ത്രി എ.സി. മൊയ്തീന്‍റെയും ഓഫീസുകളാണ് ഉണ്ടായിരുന്നത്. മൊയ്തീനെ അനക്സ് വണ്ണിലേക്ക് മാറ്റി ആ ഓഫീസു കൂടി മുഖ്യമന്ത്രിയുടെ ഓഫീസിനായി ഏറ്റെടുക്കുകയായിരുന്നു.
ഇപ്പോള്‍ മുഖ്യമന്ത്രിയും ഓഫീസ് സ്റ്റാഫും മാത്രമാണ് നോർത്ത് ബ്ലോക്കിന്‍റെ മൂന്നാം നിലയിൽ ഉള്ളത്. ഓഫീസുകള്‍ നവീകരിക്കാനായി പൊതുഖജനാവില്‍ നിന്നാണ് 80 ലക്ഷം രൂപ ചെലവാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരിക്കാന്‍ മാത്രം ചെലവാക്കിയത് 39 ലക്ഷം രൂപയാണ്. മൊയ്തീന് വേണ്ടി അനക്സ് വണ്ണിൽ തയ്യാറാക്കിയ മുറിയിലെ ഇലക്ട്രിക് ജോലികളുടെ ചെലവ് പന്ത്രണ്ടര ലക്ഷം. സിവിൽ ജോലിക്ക് 27,97,000 ലക്ഷം രൂപയും ചെലവഴിച്ചു.
ദില്ലി കേരള ഹൗസിൽ സ്പെഷ്യൽ ഓഫീസറായുള്ള എ സമ്പത്തിന്‍റെയും ഹൈക്കോടതി കേസുകളുടെ മേൽനോട്ടത്തിനായുള്ള വേലപ്പൻ നായരുടേയും നിയമനങ്ങൾ വിവാദമായതിനു പിന്നാലെയാണ് സര്‍ക്കാരിന്‍റെ ധൂര്‍ത്ത് സംബന്ധിച്ച പുതിയ വിവരം പുറത്തുവരുന്നത്. ധനവകുപ്പിന്‍റെ എതിർപ്പ് തള്ളി രണ്ട് പുതിയ ഇന്നോവാ ക്രിസ്റ്റ കാർ വാങ്ങാൻ 45ലക്ഷം രൂപ അനുവദിച്ചതും അടുത്തിടെയാണ്.