21 August, 2019 10:53:23 PM


മദ്യക്കുപ്പികളിലെ ഗാന്ധിജിയുടെ ചിത്രവും പേരും ഒഴിവാക്കി ചെക്ക് റിപ്പബ്‌ളിക്ക്




കോട്ടയം: ഗാന്ധിജിയുടെ ചിത്രവും പേരും അച്ചടിച്ച മദ്യ ബ്രാന്റ് ഉത്പാദനം നിര്‍ത്തിയതായും വിപണിയില്‍നിന്നും പിന്‍വലിക്കാന്‍ നടപടി സ്വീകരിച്ചതായും ചെക്ക് റിപ്പബ്‌ളിക് അധികൃതര്‍. ചെക്ക് റിപ്പബ്‌ളിക്കിന്റെ ദില്ലി എംബസിയിലെ കൊമേഴ്‌സ്യല്‍ ഇക്കണോമിക് കോസുലര്‍ മിലന്‍ ദോസ്താല്‍ ഇക്കാര്യം പരാതിക്കാരനായ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസിനെ അറിയിച്ചു. 

ചെക്ക് റിപ്പബ്‌ളിക്കിലെ മദ്യ വിപണിയിയില്‍ 'മഹാത്മാ' എന്ന പേരില്‍ ഗാന്ധിജിയുടെ ചിത്രത്തോടുകൂടിയ മദ്യം വില്‍പ്പന നടത്തുതിനെതിരെ എബി ജെ. ജോസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന നിലയിലും മദ്യത്തിനെതിരെ ജീവിതത്തിലുടനീളം കര്‍ശന നിലപാട് സ്വീകരിച്ചിരുന്നയാളെന്ന് നിലയിലും ഗാന്ധിജിയുടെ ചിത്രം മദ്യ ഉത്പന്നത്തില്‍ ചേര്‍ക്കുന്നത് അനാദരവാണെന്നു ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചെക്ക് റിപ്പബ്‌ളിക്കിലെ പിവോവര്‍ ക്രിക് എന്ന മദ്യ നിര്‍മ്മാണ കമ്പനിയാണ് ഗാന്ധിജിയുടെ ചിത്രം ചേര്‍ത്ത് മദ്യം വിപണിയില്‍ എത്തിച്ചിരുന്നത്.
 
ചെക്ക് റിപ്പബ്‌ളിക്കിലുടനീളം ഗാന്ധിജിയുടെ ചിത്രത്തോടു കൂടിയ മദ്യത്തിന്റെ പരസ്യവും പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യയില്‍നിന്നുള്ള ചില വിനോദസഞ്ചാരികള്‍ ചെക്ക് റിപ്പബ്‌ളിക് സന്ദര്‍ശിച്ചപ്പോള്‍ അനാദരവ്  ശ്രദ്ധയില്‍പ്പെടുകയും മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനെ അറിയിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നു ഗാന്ധിജിയോടുള്ള അനാദരവിനെതിരെ നടപടി ആവശ്യപ്പെട്ട് ചെക്ക് റിപ്പബ്‌ളിക് പ്രധാനമന്ത്രി ആന്‍ഡ്രെജ് ബാബെയ്‌സ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍, സഹമന്ത്രി വി. മുരളീധരന്‍, ഇന്ത്യയിലെ ചെക്ക് റിപ്പബ്‌ളിക് അംബാസിഡര്‍ മിലന്‍ ഹോവര്‍ക്ക എന്നിവര്‍ക്ക് ചെയര്‍മാന്‍ എബി ജെ. ജോസ് പരാതി അയച്ചു. തുടര്‍ന്നു ഒരു മാസത്തോളം ചെക്ക് റിപ്പബ്‌ളിക്കിന്റെ ദില്ലി എംബസിയുമായി നിരന്തരം ബന്ധപ്പെട്ടു നടത്തിയ ഇടപെടലുകളെത്തുടര്‍ാണ് ചെക്ക് അധികൃതര്‍ നടപടി സ്വീകരിച്ചത്.

ഗാന്ധിജിയുടെ ചിത്രം പതിപ്പിച്ച മദ്യത്തിന്റെ ഉത്പാദനം നിര്‍ത്തിവച്ചതായും വിപണിയില്‍ ഉള്ളവ 31നകം പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ നടപടി സ്വീകരിച്ചതായും മിലന്‍ ദോസ്താല്‍ എബിയെ ടെലിഫോണിലൂടെയും ഇ മെയില്‍ സന്ദേശത്തിലുടെയും അറിയിക്കുകയായിരുന്നു. ചെക്ക് ഭരണാധികാരികള്‍ പരാതിക്ക് സാധ്യമായ ഉയര്‍ന്ന പരിഗണന നല്‍കിയെന്നും സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ചെക്ക് റിപ്പബ്‌ളിക്കില്‍ സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാരിന് നിയമപരമായി അധികാരമില്ലെങ്കിലും വിദേശകാര്യമന്ത്രാലയം വഴി എല്ലാ നടപടികളും സ്വീകരിച്ചതായും എംബസി അധികൃതര്‍ വിശദീകരിച്ചു. 

ഗാന്ധിജിയുടെ പ്രതിഛായയെ മന:പൂര്‍വ്വം ദുരുപയോഗിക്കാനായിരുന്നില്ല മദ്യ ഉത്പന്നത്തില്‍ ഗാന്ധിജിയുടെ ചിത്രം ചേര്‍ത്തിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഗാന്ധിയോട് ആദരവുണ്ടെന്നും ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചു ആദരവ് പ്രകടിപ്പിക്കുതിനായി ചെക്ക് റിപ്പബ്‌ളിക് തപാല്‍ പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയ കാര്യവും മിലന്‍ ദോസ്താല്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം ഇസ്രായേലില്‍ ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പിയില്‍ ഉപയോഗിക്കുതിനെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഉയര്‍ത്തിയ പ്രതിഷേധം ആം ആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിംഗ് രാജ്യസഭയില്‍ ഉയിച്ചിരുന്നു. തുടര്‍ന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയുടെ നയതന്ത്ര ഇടപെടല്‍ ഉണ്ടാകുകയും ഇസ്രായേല്‍ കമ്പനി ഖേദം പ്രകടിപ്പിച്ച് മദ്യക്കുപ്പികളില്‍ നിന്നും ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കുകയും ചെയ്തിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K