21 August, 2019 04:47:28 PM


പാറഖനനം: നിരോധനം പിൻവലിച്ചു; റെഡ് സോണിലെ പാറമടകള്‍ നിരോധിക്കണമെന്ന് പി.സി.ജോര്‍ജ്



തിരുവനന്തപുരം: പാറഖനനത്തിന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. ഉരുൾപൊട്ടലിനെ  തുടർന്ന് ഏര്‍പ്പെടുത്തിയ നിരോധനമാണ് പിൻവലിച്ചത്. നിലവിൽ ഉരുൾപൊട്ടൽ മുൻകരുതലുകളില്ലെന്നാണ് വിശദീകരണം. പ്രാദേശികമായി കളക്ടർമാർ നിരോധനം ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ നിരോധനം തുടരും. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ് നിരോധനം പിൻവലിച്ചിരിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.


കവളപ്പാറയിലെയും പുത്തുമലയിലെയും ഉരുൾപൊട്ടലിനും മണ്ണിടിച്ചലിനും പിന്നാലെയായിരുന്നു സംസ്ഥാനത്ത് പാറഖനനവും മണ്ണ് നീക്കലും നിരോധിച്ചത്. ഇത്തവണത്തെ ദുരന്തങ്ങളുടേയും കാരണങ്ങളിലൊന്നായി പരിസ്ഥിതി ശാസ്ത്രജ്ഞർ ഉന്നയിക്കുന്നത് ഖനനം തന്നെ. പശ്ചിമഘട്ടത്തിലെ പാറക്വാറികൾ ഉയർത്തുന്ന ഭീഷണി മാധവ് ഗാഡ്ഗിലടക്കമുള്ള വിദഗ്ധർ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു. ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങളെ കുറിച്ച് പഠിക്കാൻ ദുരന്ത നിവാരണ അതോറിറ്റി വിവിധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയും ശാസ്ത്രീയ പഠനത്തിനൊരുങ്ങുകയാണ്. ഇത്തരം പഠനങ്ങളെല്ലാം പൂർത്തിയാകും മുമ്പാണ് ഖനനത്തിനുള്ള പച്ചക്കൊടി.


പലയിടത്തും അനധികൃതമായും നിയമവിധേയമായും പ്രവർത്തിക്കുന്ന പാറമടകൾ മണ്ണിന്‍റെ സ്വഭാവത്തെ ബാധിക്കുന്നതായി ശക്തമായ ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് 9-ാം തീയതി സംസ്ഥാന മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ് ക്വാറികളുടെ പ്രവർത്തനം നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയത്. പക്ഷെ ഖനനം നിരോധിച്ച് 11 ദിവസത്തിനുള്ളിൽ തന്നെ പിൻവലിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകൾ നിലവില്ലാത്ത സാഹചര്യത്തിലാണിതെന്നാണ് വിശദീകരണം. അതേ സമയം പ്രാദേശികമായി കലക്ടർമാർ ഏർപ്പെടുത്തുന്ന നിരോധനം തുടരുമെന്ന് മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ് അറിയിച്ചു.


സംസ്ഥാനത്ത് 750 ക്വാറികളാണ് അനുമതിയോടെ പ്രവർത്തിക്കുന്നത്. കേരള ഫോറസ്റ്റ് ആന്‍റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ 5924 ക്വാറികൾ അനുമതിയില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 129 ക്വാറികൾക്കാണ് സംസ്ഥാനത്ത് അനുമതി കിട്ടിയത്. ഒരു വർഷം കൊണ്ട് മാത്രം സംസ്ഥാനത്ത് പൊട്ടിച്ചത് മൂന്ന് കോടി 53 ലക്ഷം ടൺ പാറക്കല്ലുക‌ളാണെന്നാണ് കണക്ക്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉല്പാദനം കൂടിയാണിത്. കവളപ്പാറയിലും പുത്തുമലയിലും കാണാതായവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുന്നതിനിടെയാണ് പാറഖനനത്തിനുള്ള നിരോധനം സർക്കാർ പിൻവലിക്കുന്നത്.

റെഡ് സോണിലെ പാറമടകള്‍ നിരോധിക്കണമെന്ന് പി.സി.ജോര്‍ജ്


കോട്ടയം: പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പാറമടകളുടെ കാര്യത്തില്‍ നിയന്ത്രണം അത്യന്താപേക്ഷിതനമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. കേരളത്തെ റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നീ മൂന്ന് സോണുകളായി തിരിച്ചിട്ടുണ്ടെന്നും ഇതില്‍ റെഡ് സോണില്‍ പാറമടകള്‍ക്ക് അനുമതി നല്‍കരുതെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മനുഷ്യനെ കൊലയ്ക്ക് കൊടുക്കുന്ന രീതിയില്‍ പാറമടകള്‍ പെരുകുകയാണ്. സാമ്പത്തികലാഭം മുന്‍നിര്‍ത്തി ഇതിന് രാഷ്ട്രീയക്കാരും  ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയാണ്.


നിരോധിച്ചാല്‍ തന്നെ കോടതി ഉത്തരവിലൂടെ വീണ്ടും പാറമടകള്‍ പ്രവര്‍ത്തിച്ചുതുടങ്ങും. അതിന് അത്യാവശ്യമായി നിയമനിര്‍മ്മാണം അനിവാര്യമാണ്. എം സാന്‍ഡിന്‍റെ പേരില്‍ പാറമടകള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ വന്‍ തട്ടിപ്പാണ് നടക്കുന്നത്. മാത്രമല്ല കൊള്ളലാഭമുണ്ടാക്കുന്ന സ്വകാര്യ വ്യക്തികള്‍ക്കാണിതിന്‍റെ നേട്ടം. പാറമടകളിലൂടെ പ്രകൃതിയെ നശിപ്പിക്കുന്ന സമയത്ത് നമ്മുടെ പുഴകളില്‍ അടിഞ്‍ഞുകൂടിയിരിക്കുന്ന മണല്‍ മാത്രം ലേലം ചെയ്താല്‍ സര്‍ക്കാരിന് കോടികളുടെ വരുമാനമുണ്ടാകും.  കെട്ടിടനിര്‍മ്മാണമേഖലയും രക്ഷപെടുമല്ലോ എന്ന് പി.സി.ജോര്‍ജ് ചൂണ്ടികാട്ടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K