21 August, 2019 03:20:47 PM


പ്രളയപുരധിവാസം: ഇത്തവണ സാലറി ചലഞ്ച് ഇല്ല; ഓണാഘോഷം ആര്‍ഭാടം ഒഴിവാക്കി നടത്തും



തിരുവനന്തപുരം: പ്രളയപുരധിവാസ പ്രവര്‍ത്തനങ്ങൾക്ക് പണം കണ്ടെത്താൻ ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്. കഴിഞ്ഞ തവണ ഏര്‍പ്പെടുത്തിയ സാലറി ചലഞ്ച് വിവാദമായ സാഹചര്യത്തിൽ കൂടിയാണ് തീരുമാനം എന്നതും ശ്രദ്ധേയമാണ്. പ്രളയബാധിതര്‍ക്കുള്ള അടിയന്തര സഹായം അടുത്ത മാസം ഏഴിന് മുമ്പ് കൊടുത്തു തീര്‍ക്കാനും സര്‍ക്കാര്‍ തീരുമാനം എടുത്തു. 


പ്രളയ സഹായത്തിന് അര്‍ഹരായവരെ കണ്ടെത്താൻ പ്രത്യേക മാനദണ്ഡങ്ങളുണ്ടാക്കും. ഓരോ ജില്ലയിലും അതാത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിലായിരിക്കും സഹായത്തിന് അര്‍ഹരായവരുടെ ലിസ്റ്റ് ഉണ്ടാക്കുക. ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവര്‍ക്ക് മാത്രമായി സഹായം പരിമിതപ്പെടുത്തേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലെ തുക ഉപയോഗിച്ച് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. 


കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുക. 2018 ആഗസ്റ്റില്‍ സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കെ.എസ്.എഫ്.ഇ 35.99 കോടി രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഈ തുക ഉപയോഗിച്ച് കുട്ടനാട്ടില്‍ കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കണമെന്ന താല്പര്യം കെ.എസ്.എഫ്.ഇ മാനേജ്മെന്‍റും ജീവനക്കാരും പ്രകടിപ്പിച്ചിരുന്നു. അതനുസരിച്ച് പദ്ധതി നടപ്പാക്കുന്നതിന് 35.99 കോടി രൂപ കെ.എസ്.എഫ്.ഇക്ക് തിരികെ നല്‍കാന്‍ മന്ത്രിസഭ അനുമതി നല്‍കി. സഹകരണ വകുപ്പിന്‍റെ കെയര്‍ഹോം പദ്ധതി മാതൃകയിലാണ് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ കെ.എസ്.എഫ്.ഇ നിര്‍മ്മിക്കുക. ഇതിനുവേണ്ടി റോഡ് സൗകര്യമുള്ള ഒരേക്കര്‍ വീതം സ്ഥലം ഉപയോഗിക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് പ്രത്യേക അനുമതി നല്‍കാനും തീരുമാനിച്ചു.  



സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടത്തുന്ന ഓണാഘോഷ പരിപാടികൾ ഇത്തവണ നടത്താൻ തന്നെയാണ് തീരുമാനം. ആര്‍ഭാടങ്ങൾ ഒഴിവാക്കിയായിരിക്കും ആഘോഷം സംഘടിപ്പിക്കുക. സർക്കാർ ജീവനക്കാർക്ക് ബോണസ് കഴിഞ്ഞ വർഷത്തേതു പോലെ ഇത്തവണയും നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ടൂറിസം വാരാഘോഷവുമായി ബന്ധപ്പെട്ട് സപ്തംബര്‍ 10 മുതല്‍ 16 വരെ തിരുവനന്തപുരം കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ദീപാലങ്കാരം നടത്താനും തീരുമാനിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K