19 August, 2019 08:29:36 PM
ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു: വഫ ഫിറോസിനെതിരെ നടപടി വൈകും
തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ എം ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസൻസ് ഗതാഗതവകുപ്പ് സസ്പെൻഡ് ചെയ്തു. അപകടം നടന്ന് 17 ദിവസത്തിന് ശേഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്. എന്നാൽ വഫ ഫിറോസിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടി വൈകും.
അപകടം നടന്ന് ഉടൻതന്നെ ശ്രീറാമിന്‍റെയും ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്‍റെയും ലൈസൻസുകൾ റദ്ദാക്കുമെന്ന് തിരുവനന്തപുരം ആർടിഒ പ്രഖ്യാപിച്ചിരുന്നതാണ്. ശ്രീറാമിന്‍റെ സുഹൃത്ത് ആർടിഒ നൽകിയ നോട്ടീസ് കൈപ്പറ്റിയെന്നും മറുപടി നൽകാൻ രണ്ടാഴ്ച സമയം നൽകിയതാണ് നടപടിയെടുക്കാൻ വൈകിയതെന്നുമാണ് ഗതാഗത വകുപ്പ് നൽകുന്ന വിശദീകരണം. മാധ്യമങ്ങളിൽ നടപടി വൈകിപ്പിക്കാൻ ഒത്തു കളി നടക്കുന്നെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ വീഴ്ച ഗതാഗതസെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കുകയും ചെയ്തു.
കെ എൽ 1 ബിഎം 360 എന്ന നമ്പറിലുള്ള ഫോക്സ‍്‍വാഗൻ വെന്‍റോ കാറിലാണ് വെള്ളയമ്പലത്ത് നിന്ന് എൽഎംഎസ് ഭാഗത്തേക്ക് ഓടിച്ച് വന്നിരുന്നത്. സുഹൃത്തും, ഒപ്പം യാത്ര ചെയ്തിരുന്നയാളുമായ വഫ ഫിറോസിന്‍റെ പേരിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനമാണിത്. അശ്രദ്ധമായും മനുഷ്യജീവന് ആപത്ത് വരുന്ന തരത്തിലും വണ്ടിയോടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. നോട്ടീസയച്ചിട്ടും ഇതുവരെ ശ്രീറാം മറുപടി ബോധിപ്പിച്ചിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു. ഇതിനാൽ 43/5336/2005 നമ്പർ ഡ്രൈവിംഗ് ലൈസൻസ് 2020 ആഗസ്റ്റ് 18-ാം തീയതി വരെ റദ്ദാക്കുന്നതായാണ് നോട്ടീസിൽ അറിയിക്കുന്നത്.
ശ്രീറാം സ്വന്തം ലൈസൻസ് അടിയന്തരമായി തിരുവനന്തപുരം ലൈസൻസിംഗ് അതോറിറ്റി മുമ്പാകെയോ, മട്ടാഞ്ചേരി ജോയന്‍റ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ മുമ്പാകെയോ സമർപ്പിക്കേണ്ടതാണെന്നും നോട്ടീസിൽ പറയുന്നു. വഫ ഫിറോസോ ബന്ധുക്കളോ ആർടിഒയുടെ നോട്ടീസ് കൈപ്പറ്റിയിരുന്നില്ല. ഒന്നര ആഴ്ച മുമ്പ് വഫയുടെ പട്ടത്തെ വീട്ടിൽ സാക്ഷികളുടെ സാന്നിധ്യത്തിൽ നോട്ടീസ് പതിക്കുകയായിരുന്നു. അമിതവേഗതയിൽ വാഹനമോടിച്ചതിനും ഗ്ലാസിൽ സണ്‍ഫിലിം ഒട്ടിച്ചതിനും വഫക്ക് നേരത്തെ നോട്ടീസും നൽകിയിരുന്നു.
നോട്ടീസ് പതിച്ചതിന് പിന്നാലെ വഫ നിയമലംഘനങ്ങള്‍ക്ക് പിഴയടച്ചു. ഇത് നിയമലംഘനം അംഗീകരിച്ചതിന് തെളിവാണെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. നിയമലംഘനങ്ങളും ബഷീറിന്‍റെ കേസും ഉള്‍പ്പെടെ വഫക്ക് പുതിയ നോട്ടീസ് നൽകണമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും അത് പിന്നീട് ഒഴിവാക്കി. പഴയ നോട്ടീസിന്‍റെ തുടർനടപടികൾ തന്നെ നടത്തുമെന്ന് ആർടിഒ അറിയിച്ചു. ശ്രീറാം മട്ടാഞ്ചേരിയിൽ നിന്നും വഫ ഫിറോസ് ആറ്റിങ്ങൽ ആർടി ഓഫീസിൽ നിന്നുമാണ് ലൈസൻസ് എടുത്തിരിക്കുന്നത്. നോട്ടീസ് നൽകിയാൽ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനുള്ള 15 ദിവസത്തെ കാലതാമസം മാത്രമാണ് എടുത്തതെന്നാണ് മോട്ടോർവാഹനവകുപ്പിന്‍റെ വിശദീകണം.