15 August, 2019 10:09:51 PM
ജമ്മു കശ്മീരില്‍ ഇനി പുതിയ ഉദയം:130 കോടി ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കും - പ്രധാനമന്ത്രി
ദില്ലി: ജമ്മു കശ്മീരില്‍ ഇനി പുതിയ ഉദയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥാപിത താല്‍പര്യക്കാരുടെ ബന്ധനത്തില്‍നിന്ന് കശ്മീരിനെ മോചിപ്പിച്ചു. കശ്മീരില്‍ പുതിയ ഉദയമാണ് പിറക്കുന്നത്, കാത്തിരിക്കുന്നത് നല്ല നാളുകളെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 130 കോടി ജനങ്ങളുടെ സ്വപ്നങ്ങള്‍ നമ്മള്‍ സാക്ഷാത്കരിക്കും. നാഴികകല്ലായി മാറിയ ബില്‍ വന്‍ പിന്തുണയോടെ പാസാക്കിയ സുപ്രധാന നിമിഷമാണിതെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
ജമ്മു കശ്മീരിലെയും ലഡാക്കിലെയും സഹോദരീ സഹോദരന്മാര്‍ കാട്ടിയ ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഇന്ത്യയെ ഏകീകരിക്കാന്‍ മുന്നില്‍നിന്ന് സര്‍ദാര്‍ പട്ടേലിനും ഡോ. അംബേദ്കര്‍ക്കും ഇന്ത്യയുടെ ഐക്യത്തിനായി ജീവന്‍ നല്‍കിയ ശ്യാമപ്രസാദ് മുഖര്‍ജിക്കും ആദരമായിട്ടാണ് ബില്ലുകള്‍ പാസാക്കിയതെന്നും മോദി വ്യക്തമാക്കി. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിച്ച അമിത് ഷാ, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു എന്നിവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
പുതിയ തീരുമാനത്തിലൂടെ യുവാക്കള്‍ക്ക് മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരാനുള്ള വലിയ അവസരമാണ് ലഭിക്കുന്നത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടും. കേന്ദ്രഭരണ പ്രദേശമാക്കണമെന്ന ലഡാക്കിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമാണ് അംഗീകരിച്ചത്. മേഖലയുടെ ആകെയുള്ള വികസനത്തിനും വളര്‍ച്ചക്കും വേണ്ടിയാണ് ബില്ല് പാസാക്കിയത്. ബില്ലിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണ്.