13 August, 2019 12:03:55 PM


കേരളത്തിലെ തെക്കൻ ജില്ലകളിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ജാഗ്രത നിർദ്ദേശം



തിരുവനന്തപുരം: കേരളത്തിലെ തെക്കൻ ജില്ലകളിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത. മറ്റിടങ്ങളിൽ ഇന്ന് മുതല്‍ മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിന് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നു. 11 ജില്ലകളില്‍ ഓറഞ്ച് അലർട്ടായതിനാൽ ജാഗ്രത തുടരും.

 

സംസ്ഥാനമൊട്ടാകെ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് രാവിലെ മഴ കുറവാണ്. കൊല്ലത്തിന്‍റെ കിഴക്കൻ മേഖലകളിൽ നല്ല മഴയാണ്. തിരുവനന്തപുരത്ത് മലയോരമേഖലകളിലും ശക്തമായ മഴ പെയ്യുകയാണ്. ഇന്ന് കൊല്ലം മുതൽ പാലക്കാട്, മലപ്പുറം വരെയുള്ള ജില്ലകളിലും നാളെ ആലപ്പുഴ മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. പത്തനംതിട്ട ജില്ലയിൽ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. 


തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും ജാഗ്രതാ നിർദ്ദേശമുണ്ട്. തിരുവനന്തപുരത്ത് നെയ്യാർ ഡാം തുറന്നു. നിലവിൽ തുറന്നിരിക്കുന്ന അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടറുകൾ കുടുതൽ ഉയർത്തി. കോഴിക്കോട്ട് ജില്ലയില്‍ മഴ കുറ‍ഞ്ഞു. കോഴിക്കോടും കാസർകോടും ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് പതിനൊന്ന് ജില്ലകളിൽ ഇന്ന് ഓറ‌ഞ്ച് അലർട്ടാണ്. കാസർകോട് രാവിലെ വീണ്ടും മഴ ശക്തമാകുകയാണ്. വയനാട്ടിൽ മഴ തീരെ കുറയുകയാണ് കഴിഞ്ഞ 24 മണിക്കൂറിൽ ശരാശരി 15.27 മില്ലിമീറ്റർ മഴ മാത്രമാണ് ഇന്ന് പെയ്തത്. പാലക്കാട് ഇന്ന് പുലർച്ചെ മുതൽ മഴ വിട്ടു നിൽക്കുകയാണ്. 


കോട്ടയത്ത് രാവിലെ മുതൽ നല്ല മഴയാണ് പെയ്യുന്നതെങ്കിലും പതിനൊന്ന് മണിയോടെ പലയിടത്തും കുറഞ്ഞിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ചെറിയ തോതിൽ ഇറങ്ങി തുടങ്ങിയിരുന്നെങ്കിലും മഴ വീണ്ടും കനത്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. 26,500 പേർ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്. മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K