13 August, 2019 11:27:43 AM


മഴക്കെടുതിയില്‍ 87 മരണം സ്ഥിരീകരിച്ചു; കവളപ്പാറയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു

സ്വന്തം ലേഖകര്‍



മലപ്പുറം/കല്‍പ്പറ്റ: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 87 ആയി. ഉരുള്‍പ്പൊട്ടല്‍ വന്‍ദുരന്തം വിതച്ച കവളപ്പാറയില്‍ നിന്നും ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെ നിന്നും 20 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 39 പേരെയാണ് കവളപ്പാറയില്‍ നിന്നും കണ്ടെത്താനുള്ളത്. ഇന്നലെ നടന്ന തെരച്ചിലില്‍ ആറുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ മധ്യവയസ്കന്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു. മണ്ണഞ്ചേരി സ്വദേശി  അജിത് കുമാർ (നാരായണൻ -50 ) ആണ് മരിച്ചത്.


വയനാട് പുത്തുമലയില്‍ തുടർച്ചയായി അഞ്ചാം ദിവസം നടത്തുന്ന രക്ഷാപ്രവർത്തനം തുടരും. കൂടുതൽ വാഹനങ്ങൾ എത്തിച്ചു ദുരന്ത ഭൂമിയിലെ ചെളിയും മണ്ണും നീക്കൽ തുടരാൻ തന്നെയാണ് തീരുമാനം. ഇനിയും ഏഴ് പേരെയാണ് കണ്ടെത്താൻ ഉള്ളത്. കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അനുകൂലമയ കാലാവസ്ഥ തെരച്ചിലിന് സഹായകരമാകുമെന്നാണ് രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ.



ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ഒന്നിച്ചുനിന്നുകൊണ്ട് എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്ന് മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലെത്തിയ  മുഖ്യമന്ത്രി പറഞ്ഞു. ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടില്‍ നിന്ന് ഇറങ്ങിവന്നവര്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍  നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒന്നിച്ച് നിന്ന് പരിഹരിക്കാനാകും. കുറച്ച് പേരെ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ആ ശ്രമം നടക്കുകയാണ്. എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകും എന്ന ഉറപ്പാണ് തന്നെ കാത്തിരുന്ന ദുരിതബാധിതര്‍ക്ക് മുഖ്യമന്ത്രി നല്‍കിയത്.


ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായെത്തിയ മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വ‌ാസ് മേത്ത എന്നിവരും ഉണ്ട്. വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഇനി പങ്കെടുക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K