08 August, 2019 03:39:25 AM
ഔദ്യോഗികവാഹനത്തില്‍ മദ്യപിച്ച് മൂത്രമൊഴിച്ച എസ്.പിക്കു സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: മുതിര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥന് മദ്യാസക്‌തിയുടെ പേരില്‍ സസ്‌പെന്‍ഷന്‍. ഔദ്യോഗിക വാഹനത്തിലിരുന്ന് മദ്യപിച്ചു മൂത്രമൊഴിക്കുകയും കീഴുദ്യോഗസ്‌ഥരെ തെറിയഭിഷേകം നടത്തുകയും ചെയ്‌ത ക്രൈംബ്രാഞ്ച് എസ്.പി: എസ്. അനില്‍കുമാറിന് എതിരേയാണു നടപടി.
കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതലയുള്ള എസ്.പി: അനില്‍കുമാറിനെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു സസ്‌പെന്‍ഡ് ചെയ്‌തത്.
ക്രൈംബ്രാഞ്ച് എസ്.പി: ഡോ. ശ്രീനിവാസനായിരുന്നു അന്വേഷണച്ചുമതല. കഴിഞ്ഞ ജൂണ്‍ 20-ന് കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്കിടെയാണു സംഭവം. ഒരു സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക വാഹനത്തില്‍ രണ്ടു ദിവസം മുമ്പേ പുറപ്പെട്ട അനില്‍കുമാര്‍ യാത്രയിലുടനീളം മദ്യപിച്ചു. പട്ടാപ്പകല്‍ വാഹനത്തിലിരുന്നു മദ്യപിക്കുകയും മൂത്രമൊഴിക്കുകയും ഛര്‍ദിക്കുകയും ചെയ്‌തു. ഇതിനിടെ ഗണ്‍മാനെയും ഡ്രൈവറെയും അസഭ്യം പറഞ്ഞു. ദുര്‍ഗന്ധം മൂലം ഗണ്‍മാന്‍ ഛര്‍ദിക്കുകയും ചെയ്‌തു. അനില്‍കുമാറിന്റെ പ്രവൃത്തി പോലീസിനാകെ നാണക്കേടായെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.