24 June, 2019 01:52:59 PM


നാല് വര്‍ഷത്തിനിടെ 739 ദിവസം അവധിയെടുത്തത് തന്നെ ഒതുക്കിയപ്പോള്‍ - രാജു നാരായണസ്വാമി




തിരുവനന്തപുരം: ജോലി ഒന്നുമില്ലാതെ വെറുതെയിരുന്ന് ശമ്പളം മാത്രം വാങ്ങുന്ന തസ്തികയിലേക്ക് മാറ്റിയത് കൊണ്ടാണ് അവധിയെടുത്തതെന്ന് രാജു നാരായണ സ്വാമി. സംസ്ഥാന കൃഷി വകുപ്പില്‍ ജോലി ചെയ്തിരുന്ന തന്നെ അവിടെ നിന്ന് ഒഴിവാക്കുകയായിരുന്നു. നാല് വര്‍ഷത്തിനിടെ 739 ദിവസം രാജു നാരയണസ്വാമി അവധിയെടുത്തെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

മികച്ച സേവനമാണ് കാര്‍ഷികോത്പാദന കമ്മീഷണറായി താന്‍ കാഴ്ചവെച്ചത്. അതിനാലാണ് തനിക്ക് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ നല്ലമാര്‍ക്ക് നല്‍കിയതെന്ന് കൃഷിമന്ത്രി സുനില്‍ കുമാര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. മൂന്നാര്‍ ദൗത്യത്തിന് ശേഷം തന്നെ ഒതുക്കിയെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'തന്നേക്കാള്‍ കൂടുതല്‍ അവധിയെടുത്ത് മാറി നിന്നവര്‍ക്കെതിരെ ഇവര്‍ എന്തുകൊണ്ടാണ് പിരിച്ചുവിടല്‍ ശുപാര്‍ശ എന്ന വാളോങ്ങിയില്ല. വീണ്ടും ഒതുക്കലിന് തയ്യാറല്ലാത്തത് കൊണ്ടാണ് അവധിയെടുത്തത്.


പിന്‍സിപ്പല്‍ സെക്രട്ടറി തസ്തികയുള്ള തനിക്ക് കൃഷിവകുപ്പില്‍നിന്നു മാറ്റിയതിന് പിന്നാലെ ലഭിച്ചത് വെറും ഔദ്യോഗിക ഭാഷാവകുപ്പായിരുന്നു. അതൊരു തരംതാഴ്ത്തലായി തോന്നി. ആ വേദനകൊണ്ടാണ് അവധിയെടുത്ത് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷന് ശ്രമിച്ചു, അങ്ങനെ നാളികേര വികസന കോര്‍പറേഷനില്‍ ചെയര്‍മാനായി ചുമതലയേറ്റു.


ഒരു ഉദ്യോഗസ്ഥന്റെ ഐഎഎസ് വ്യാജമെന്ന് പറഞ്ഞതിനാലാണ് തന്നെ അവിടെ നിന്നും മാറ്റിയത്. ആ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. ഇത് സംബന്ധിച്ചുള്ള കേസ് ഇപ്പോഴും കോടതിയിലാണ്. എന്നാല്‍ തന്‍റെ വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടുകളിലെ വിലയിരുത്തല്‍ മികച്ചതല്ലെന്നാണ് സമിതി പറയുന്നത്. അങ്ങനെയെങ്കില്‍ 2016 ജനുവരി ഒന്നിനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാതെ സ്ഥാനക്കയറ്റത്തിനു പ്രൊമോഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യില്ലല്ലോ' - രാജു നാരായണസ്വാമി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K