22 June, 2019 09:46:15 PM


രാജു നാരായണ സ്വാമിക്കെതിരെ അച്ചടക്കനടപടി ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് മുഖ്യമന്ത്രി തിരിച്ചയച്ചു



തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമിക്കെതിരെ ഉടൻ നടപടി ഉണ്ടാവില്ല. നാരായണസ്വാമിക്കെതിരെ ഉടൻ അച്ചടക്കനടപടി എടുക്കണമെന്നാവശ്യപ്പെട്ട റിപ്പോർട്ട് മുഖ്യമന്ത്രി തിരിച്ചയച്ചു. വിശദീകരണം ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി തിരിച്ചയച്ചത്.

രാജു നാരായണസ്വാമിയ്ക്കെതിരെ കടുത്ത നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോർട്ടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് നൽകാനായി തയ്യാറാക്കിയത്. മന്ത്രാലയത്തിന് സമർപ്പിക്കും മുമ്പ് മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി നൽകിയ റിപ്പോർട്ടാണ് ഇപ്പോള്‍ തിരിച്ചയച്ചത്. 

സർക്കാർ സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായി പ്രവര്‍ത്തിച്ചു, ഓഫീസിൽ കൃത്യമായി ഹാജരായില്ല, കേന്ദ്ര സര്‍വീസിൽ നിന്ന് തിരികെ എത്തിയത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല എന്നിവയായിരുന്നു സമിതി അദ്ദേഹത്തിനെതിരെ കണ്ടെത്തിയ കുറ്റങ്ങൾ. ഇക്കാര്യങ്ങളുടെ പേരിൽ നടപടിയെടുക്കാമോ എന്ന് വിശദീകരണം ചോദിച്ചാണ് മുഖ്യമന്ത്രി റിപ്പോർട്ട് തിരിച്ചയച്ചതെന്നാണ് വിവരം.

രാജു നാരായണ സ്വാമിക്കെതിരായ റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്നായിരുന്നു മന്ത്രി വി എസ് സുനിൽകുമാർ നേരത്തെ പ്രതികരിച്ചത്. റിപ്പോർട്ടിനെതിരെ പ്രതികരിച്ച രാജു നാരായണസ്വാമി സർക്കാരിനെതിരെ രക്ഷവിമർശനം ഉന്നയിച്ചിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K