22 June, 2019 10:26:42 AM
സെക്രട്ടറി സ്ഥാനം രാജി വെക്കാൻ തയ്യാറായി കോടിയേരി ; മുഖ്യമന്ത്രിയെ സന്നദ്ധത അറിയിച്ചു
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് കോടിയേരി ബാലകൃഷ്ണൻ.മകൻ ബിനോയ് കോടിയേരിക്കെതിരെ വന്ന ലൈംഗിക പീഡനാരോപണം സിപിഎമ്മിനെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും വല്ലാതെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ കൂടിയാണ് സ്ഥാനമൊഴിയാൻ കോടിയേരി ബാലകൃഷ്ണൻ സന്നദ്ധത അറിയിച്ചത്. നിര്‍ണായക നേതൃയോഗങ്ങൾക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് മക്കൾക്കെതിരെ വരുന്ന ആരോപണങ്ങളുടെ സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ മുൻപെങ്ങുമില്ലാത്ത വിധം പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് എകെജി സെന്‍ററിൽ നടന്ന കൂടിക്കാഴ്ചയിൽ സ്ഥാനമൊഴിയാൻ കോടിയേരി ബാലകൃഷ്ണൻ സന്നദ്ധതയറിയിച്ചതെന്നാണ് വിവരം.
മുഖ്യമന്ത്രിയോട് പറഞ്ഞ അതേ നിലപാട് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും കോടിയേരി ആവര്‍ത്തിക്കാൻ ഇടയുണ്ട്. എന്നാൽ മക്കളുടെ കാര്യത്തിൽ ഉണ്ടായ ആരോപണം അത് വ്യക്തിപരമെന്ന് വിലയിരുത്തി കോടിയേരിയുടെ രാജി സന്നദ്ധത സെക്രട്ടേറിയറ്റ് യോഗത്തിൽ അവസാനം ഉണ്ടാകാനാണ് സാധ്യത ഏറെ.
അതേസമയം ബിനോയ് കോടിയേരിക്കെതിരെ വന്ന ഗുരുതര ആരോപണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് കുറച്ചൊന്നും അല്ല. കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്തോട് ചേര്‍ന്ന് നിൽക്കുന്ന കോടിയേരിയുടെ ഫ്ലാറ്റിലേക്കുമെല്ലാം അന്വേഷണ സംഘം പരിശോധനയ്ക്ക് എത്തുന്ന സാഹചര്യം നിസ്സാരമല്ലെന്ന വിലയിരുത്തലും ഉണ്ട്. ഈ ഘട്ടത്തിൽ കൂടിയാണ് മുഖം രക്ഷിക്കാനെന്ന പോലെ കോടിയേരി ബാലകൃഷ്ണന്‍റെ സ്ഥാനമൊഴിയൽ സന്നദ്ധതയെന്ന് വിലയിരുത്തുന്നവരും കുറവല്ല. ആരോപണം വന്ന സമയം മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കോടിയേരി.
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം, പിന്നാലെ പാർട്ടിയെ അടിമുടി പ്രതിസന്ധിയിലാക്കി ഉയർന്ന് വന്ന ബിനോയ് കോടിയേരിക്കെതിരായ പരാതി , പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദന്‍റെ ഭാര്യയും ആന്തൂർ നഗരസഭാ ചെയർപേഴ്സണുമായ പി കെ ശ്യാമള ആരോപണങ്ങൾ നേരിടുന്ന സാഹചര്യം തുടങ്ങി സിപിഎം സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ കൂടിയാണ് പാർട്ടി യോഗങ്ങൾ ചേരുന്നത്.
ഇന്ന് സെക്രട്ടറിയേറ്റും നാളെ സംസഥാന സമിതിയും ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ടയെങ്കിലപം പാർട്ടിയെ കുരുക്കിലാക്കുന്ന വിഷയങ്ങൾ ചര്‍ച്ചക്കെടുക്കാതെ യോഗങ്ങൾ തുടരാനാകാത്ത സാഹചര്യം ഉണ്ട്.