20 June, 2019 07:21:35 PM
കൊടിയുടെ നിറം നോക്കി മാത്രം പ്രവര്‍ത്തിക്കുന്ന വനിതാ കമ്മീഷനെ പുറത്താക്കണം - ലതികാ സുഭാഷ്
സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ഇടപെടാതെ കമ്മീഷന്‍ കാശിക്കു പോയോ എന്ന് പരിഹാസം
കോട്ടയം: സ്ത്രീപീഡനം വർധിച്ചു വരുന്ന സാഹചര്യത്തില്‍ കൊടിയുടെ നിറം മാത്രം നോക്കി ഇടപെടുന്ന വനിതാ കമ്മീഷൻ ചെയർപേഴ്സണെയും കമ്മിറ്റി അംഗങ്ങളെയും പുറത്താക്കണമെന്ന് വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതികാ സുഭാഷ്. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
രാഷ്ട്രീയ നിറം മാത്രം നോക്കി മാത്രം ഇടപെടുന്ന ഇവർ രാജിവെക്കുകയോ പുറത്തു പോവുകയോ ചെയ്തില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ലതിക പറഞ്ഞു. ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന ലൈംഗിക പീഡനക്കേസിൽ ഇരയായ സ്ത്രീക്ക് നീതി ലഭിക്കാൻ വനിതാകമ്മീഷൻ ഇടപെട്ടില്ല. ഇതിനാൽ ദേശീയ വനിതാ കമ്മീഷനിൽ ഇവർക്കുവേണ്ടി പരാതി നൽകും.
ആന്തല്ലൂർ നഗരസഭയുടെ ക്രൂരതയ്ക്ക് ഇരയായി ആത്മഹത്യചെയ്ത പ്രവാസി മലയാളിയുടെ ഭാര്യയെയും പെൺകുട്ടിയെയും ഒന്ന് കാണാനോ ആശ്വസിപ്പിക്കാനോ വനിതാകമ്മീഷൻ അവിടെ ചെന്നില്ല. സർക്കാർ വിലാസ സംഘടനയുടെ നേതാവായി അവർ മാറിക്കഴിഞ്ഞു. കേരളത്തിലെ സ്ത്രീകൾക്ക് ഈ വനിതാ കമ്മീഷനിൽ നിന്ന് നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് അവർ പറഞ്ഞു.
വനിതാ പോലീസ് ഉദ്യോഗസ്ഥയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിലും കോട്ടയം മെഡിക്കൽ കോളേജിൽ ക്യാൻസർ ഇല്ലാത്ത യുവതിക്കു കീമോതെറാപ്പി നൽകിയ സംഭവത്തിലും വനിതാ കമ്മീഷൻ ഇടപെട്ടില്ല. പിന്നെ എന്താണ് കമ്മീഷൻ എന്നും ലതിക ചോദിച്ചു. അവർക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. ചികിത്സയോ പണമോ മറ്റാനുകൂല്യങ്ങളോ ലഭിച്ചിട്ടില്ല. ഇതിൽ ഇടപെടാതെ വനിതാകമ്മീഷൻ കാശിക്ക് പോയതാണോ എന്ന് അവർ പരിഹസിച്ചു.