20 June, 2019 11:56:57 AM


മുംബൈ പോലീസ് എത്തിയത് അറസ്റ്റ് ചെയ്യാന്‍: ബിനോയി കോടിയേരി ഒളിവില്‍; ഫോണ്‍ സ്വിച്ചോഫ്

കേസില്‍ നിന്നും രക്ഷതേടി കണ്ണൂരിലെ ചില ക്ഷേത്രങ്ങളില്‍ വഴിപാടുകളും



കണ്ണൂര്‍: വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു എന്ന ബീഹാറി യുവതിയുടെ ആരോപണത്തില്‍ മുംബൈ പോലീസ് കണ്ണൂരില്‍ എത്തിയത് ബിനോയ് കൊടിയേരിയെ അറസ്റ്റ് ചെയ്യാന്‍. അതേസമയം, ബിനോയി ഒളിവില്‍ പോയെന്നാണ് സംശയം. നിരുവങ്ങാട്ടെയും മൂഴിക്കരയിലെയും രണ്ടു വീടുകളിലും എത്തിയിട്ട് ബിനോയിയെ കാണാനായില്ല. ഫോണ്‍ സ്വിച്ചോഫുമാണ്. ബിനോയ് കൊടിയേരിയെ കാണാനായിട്ടില്ലെങ്കിലും മുംബൈയില്‍ നിന്നും എത്തിയ രണ്ടു പോലീസുകാരും കണ്ണൂരില്‍ തുടരുകയാണ്. 


ബിനോയിയെ കാണാതായതോടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മകനെതിരെയുള്ള കേസിന്‍റെ ഗൗരവം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടുകാരെ മുംബൈ പോലീസ് ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. കേസില്‍ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും വേണ്ടി വന്നാല്‍ ഡിഎന്‍എ ടെസ്റ്റ് വേണ്ടി വരുമെന്നും വീട്ടുകാരെ പോലീസുകാര്‍ ബോദ്ധ്യപ്പെടുത്തിയെന്നാണ് വിവരം. കേസില്‍ ഒഷിവാര പോലീസ് മതിയായ തെളിവുകള്‍ ശേഖരിച്ചായിരുന്നു കണ്ണൂരില്‍ എത്തിയത്.


ബിനോയിയും യുവതിയും തമ്മിലുള്ള ഫോട്ടോകളും ഫോണ്‍രേഖകളും പോലീസ് ശേഖരിച്ചിരുന്നു. ബിനോയിക്കെതിരേയുള്ള തെളിവുകള്‍ പോലീസ് കുടുംബത്തെ ബോദ്ധ്യപ്പെടുത്തി. യുവതി സമര്‍പ്പിച്ച ചിത്രങ്ങളും മറ്റു രേഖകളും കാട്ടിയിട്ടുണ്ട്. ബിനോയ് മുംബൈയില്‍ യുവതിയെ സന്ദര്‍ശിക്കുന്നത് നിലച്ചതും സാമ്പത്തിക സഹായം നിര്‍ത്തിവച്ചതുമാണു തര്‍ക്കത്തിലേക്കു നയിച്ചത്. ഇവരുവരും തമ്മില്‍ 2015 വരെ പ്രശ്‌നങ്ങളില്ലായിരുന്നെന്നു വ്യക്തമായതായി മുംബൈ പോലീസ് വക്താവ് മഞ്ജുനാഥ് സിംഗേ അറിയിച്ചു.


അന്ധേരിയിലെ ഓഷിവാര പോലീസ് സ്‌റ്റേഷനിലാണു യുവതി പരാതി നല്‍കിയിട്ടുള്ളത്. മുംബൈയില്‍നിന്നും എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ എസ്.പിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്ലാക്‌മെയിലിംഗ് ശ്രമം ആരോപിച്ച് യുവതിക്കെതിരേ ബിനോയ് കണ്ണൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങളും ഇവര്‍ ശേഖരിച്ചു. ഈ പരാതിയില്‍ കേരളാ പോലീസ് കേസെടുത്തിട്ടില്ല. കേരളത്തില്‍ നടന്ന സംഭവമല്ലാത്തതിനാലാണു നടപടി വൈകുന്നതെന്നാണു പോലീസിന്‍റെ വിശദീകരണം.


ദുബായില്‍വച്ചു പരിചയപ്പെട്ട തന്നെ ബിനോയ് വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണു യുവതിയുടെ പരാതി. ഈ ബന്ധത്തില്‍ എട്ടു വയസുള്ള ഒരു കുട്ടിയുണ്ടെന്നും ദുബായില്‍ ബാര്‍ നര്‍ത്തകിയായിരുന്ന യുവതി പറയുന്നു. അതിനിടയില്‍ കേസില്‍ നിന്നും രക്ഷതേടി ബിനോയി മറ്റൊരാള്‍ വഴി കണ്ണൂരിലെ ചില ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തിയതായും വിവരമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K