19 June, 2019 02:35:57 PM
ഫയലുകള്‍ വീട്ടിലിരുന്ന് ചെയ്യേണ്ട: മോദിയുടെ കര്‍ശന നിര്‍ദേശം ; 9.30ന് മുമ്പേ മന്ത്രിമാര്‍ ഓഫീസില്‍ ഹാജര്‍
ദില്ലി: മോദി സര്‍ക്കാരിന്‍റെ ഓഫീസില്‍ മന്ത്രിമാര്‍ കൃത്യനിഷ്ഠ പാലിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രിമാര്‍ രാവിലെ 9.30യ്ക്ക് തന്നെ ഓഫീസിലെത്തുന്നു. സമയത്ത് തന്നെ ഓഫീസില്‍ എത്തണമെന്നും വീട്ടിലിരുന്നുള്ള ജോലി വേണ്ടെന്നും പ്രധാനമന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ മാറ്റമെന്നും പല മന്ത്രിമാരും സമയത്ത ഓഫീസില്‍ എത്തുന്ന രീതിയില്‍ പൊതുപരിപാടികള്‍ പുന:ക്രമീകരിച്ചതായുമാണ് റിപ്പോര്‍ട്ട്.
മന്ത്രിമാര്‍ രാവിലെ 9.30 യ്ക്കും 10 നും ഇടയില്‍ തന്നെ ഓഫീസില്‍ എത്താന്‍ തിരക്കു പിടിക്കുകയാണ്. ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി 9.30യ്ക്ക് ഓഫീസിലുണ്ട്. ഇതിനായി തന്‍റെ പൊതുപരിപാടികളുടെ സമയം ക്രമീകരിച്ചു. പ്രധാന സെക്രട്ടറിമാരുമായുള്ള പ്രഭാത യോഗത്തിനായി ഉപഭോക്തൃമന്ത്രി രാംവിലാസ് പാസ്വാനും 9.30ന് തന്നെ ഓഫീസിലുണ്ട്. തന്‍റെ വകുപ്പില്‍ ജോലി ചെയ്യുന്ന എല്ലാവരുടേയും കൃത്യത ഉറപ്പാക്കാന്‍ പാസ്വാന്‍ മുറിയിലെ ഡാഷ്‌ബോര്‍ഡില്‍ തന്നെ വലിയൊരു സ്‌ക്രീന്‍ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു മൗസ് ക്‌ളിക്കില്‍ എല്ലാ വിവരവും അപ്പോള്‍ തന്നെ അദ്ദേഹത്തിന് മുന്നിലെ സ്‌ക്രീനിലെത്തും.
നഖ്‌വി സമയത്ത് എത്തുന്നതായി മനസ്സിലാക്കിയ ജീവനക്കാരും ഇപ്പോള്‍ സമയം പാലിച്ചു തുടങ്ങി. നേരത്തേ ഓഫീസിലേക്ക് എത്തും മുമ്പ് വീട്ടിലായിരുന്നു നഖ്‌വി യോഗം വിളിച്ചിരുന്നത്. ഇപ്പോള്‍ പതിവ് മാറ്റി. ക്യാബിനറ്റ് മന്ത്രിമാരായ ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും ഏതാനും ജൂനിയര്‍ മന്ത്രിമാരും അധികാരമേറ്റ ദിവസം മുതല്‍ 9.30ന് ഓഫീസില്‍ എത്താറുണ്ട്. ആരോഗ്യ, ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷവര്‍ദ്ധന്‍, വാര്‍ത്താപ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവരും നേരത്തേ മുതല്‍ സമയത്ത് ഓഫീസില്‍ എത്തുന്നവരാണ്. ആദ്യമായി മന്ത്രിസഭയില്‍ എത്തുന്ന അര്‍ജുന്‍ മുണ്ടയും സമയത്ത് ഓഫീസില്‍ എത്തുന്നതിനാല്‍ ജീവനക്കാരും തിരക്കു പിടിച്ച് സമയത്ത് വരും.
ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ ഓഫീസില്‍ കൃത്യനിഷ്ഠ പാലിക്കുന്ന കാര്യത്തില്‍ മോദി എല്ലാവര്‍ക്കും മാതൃകയാണ്. അന്നുമുതല്‍ എല്ലാ സീനിയര്‍ മന്ത്രിമാരും തങ്ങളുടെ ജോലിയിലെ ഒരു വലിയ പങ്ക് തൊട്ടു താഴെ പദവിയില്‍ ഇരിക്കുന്നവര്‍ക്കും ജൂനിയര്‍ മന്ത്രിമാര്‍ക്കും കൈമാറുമായിരുന്നു. ഇതിലൂടെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ നടക്കുന്നുവെന്ന് എല്ലാവര്‍ക്കും പഠിക്കാന്‍ അവസരവും ആരേയും മാറ്റി നിര്‍ത്താത്ത രീതിയും അവലംബിക്കാന്‍ കഴിഞ്ഞിരുന്നു. എല്ലാ ഫയലുകളും ജൂനിയര്‍ മന്ത്രിമാരിലൂടെ നീങ്ങുന്നതിനാല്‍ എല്ലാ മന്ത്രിമാരും ജോലി ചെയ്യുകയും പരാതികള്‍ ഉണ്ടെങ്കില്‍ അത് ഓഫീസില്‍ വെച്ചുതന്നെ മനസ്സിലാക്കാന്‍ അവസരം കിട്ടുകയും ചെയ്യുന്നു.