17 June, 2019 03:11:39 PM


ജോസ് കെ.മാണി എംപി സ്ഥാനം രാജിവെച്ചേക്കും; പാലായില്‍ മത്സരിച്ച് എൽഡിഎഫിലേക്ക് ചേക്കേറാനും സാധ്യത




കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ നേതാവിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായിരിക്കെ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറിയേക്കുമെന്ന് സൂചന. സി.പി.എം നേതാക്കളുമായുള്ള മുന്‍ ധാരണപ്രകാരം പാലായില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ.മാണി എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് അടുത്ത വ്യത്തങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യസഭാംഗത്വം രാജിവയ്ക്കുന്ന ജോസ് പകരം തന്റെ വിശ്വസ്തനെ ഇടത് പിന്തുണയോടെ രാജ്യസഭയിലേക്ക് അയക്കുവാനും ശ്രമിക്കുന്നുണ്ടത്രേ.


എല്‍.ഡി.എഫിലെത്തുന്ന പക്ഷം സി പി എം ജോസ് കെ.മാണിക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവില്‍ ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളി എം.എല്‍.എ ജയരാജും ജോസ് കെ.മാണിക്ക് പിന്തുണ നല്‍കുന്നുണ്ട്. കോട്ടയത്തു നിന്നുള്ള എം.പി തോമസ് ചാഴികാടനും ജോസിനൊപ്പമാണ്. പാലായില്‍ നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തിയാൽ പാര്‍ട്ടിയിലെ അംഗബലത്തില്‍ ജോസഫ് വിഭാഗത്തെ നേരിടാനും കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാനും സാധിക്കുമെന്നാണ് ജോസ് പക്ഷം കരുതുന്നത്. അതിനുള്ള സാവകാശം സ്പീക്കര്‍ നല്‍കിയേക്കുമെന്നും സൂചനയുണ്ട്.


കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് കെ.എം മാണിക്കു വേണ്ടി സി.പി.എം വലവീശിയിരുന്നു. ബാര്‍ കോഴയില്‍പെട്ട് യു.ഡി.എഫില്‍ നിന്ന് അകന്നു നിന്നിരുന്ന മാണിയെ ഒപ്പം നിര്‍ത്തി ക്രൈസ്തവ വോട്ടുകള്‍ ഇടതുമുന്നണിയില്‍ എത്തിക്കാമെന്നായിരുന്നു ധാരണ. മാണി വഴുതിപ്പോയെങ്കിലും ഇക്കുറി മകനെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് സി.പി.എം.


എല്‍.ഡി.എഫിലേക്ക് പോകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് സി.എഫ് തോമസ് ജോസഫ് വിഭാഗത്തോട് കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതത്രേ. ജോസ് കെ.മാണിയെ എല്‍.ഡി.എഫ് ക്യാമ്പില്‍ എത്തിക്കാന്‍ സി.പി.എം രഹസ്യചര്‍ച്ചകളും നടത്തി കഴിഞ്ഞു. പാലായില്‍ എന്‍.സി.പി ഏകപക്ഷീയമായി മാണി.സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ സി.പി.എമ്മില്‍ നിന്നുയര്‍ന്ന എതിര്‍പ്പിനു കാരണവും ഇതുതന്നെയാണത്രേ. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ.മാണിയെ നിര്‍ത്താനാണ് സി.പി.എം ആഗ്രഹിക്കുന്നത്. എന്‍.സി.പി തുടര്‍ച്ചയായി മത്സരിക്കുന്ന സീറ്റാണെങ്കിലും ജോസ് കെ.മാണിക്കു വേണ്ടി സി.പി.എം സീറ്റ് പിടിച്ചെടുത്തേക്കും.


കേന്ദ്രത്തിൽ പ്രതിപക്ഷത്തിലെ ഒരംഗമായി രാജ്യസഭയില്‍ ഇരിക്കുന്നതില്‍ ജോസ് കെ.മാണിക്കും വലിയ പ്രയോജനമില്ല. ഈ സാഹചര്യത്തിലാണ് പിതാവിന്റെ പാതയിൽ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കം. രാജ്യസഭാ സീറ്റ് രാജിവയ്ക്കുന്നതോടെ പകരം ജോസ് കെ.മാണി നിര്‍ദേശിക്കുന്നയാളെയോ ഭാര്യ നിഷയെ തന്നെയോ ഇടത് അംഗമായി രാജ്യസഭയിലേക്ക് അയച്ചേക്കും. യു.ഡി.എഫില്‍ നിന്നും എം.പി വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫിലേക്ക് വന്നപ്പോള്‍ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. എല്‍.ഡി.എഫ് ആ സീറ്റ് അദ്ദേഹത്തിന് തന്നെ നല്‍കുകയും ചെയ്തിരുന്നു.


പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ.മാണിയെ പി.ജെ ജോസഫും അദ്ദേഹത്തിനൊപ്പമുള്ളവരും അംഗീകരിക്കില്ലെന്ന് ജോസ് വിഭാഗത്തിന് അറിയാം. ഈ സാഹചര്യത്തില്‍ പിളര്‍പ്പ് അനിവാര്യമാണ്. പി.ജെ ജോസഫ് തന്നെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരുമെന്ന് റോഷി അഗസ്റ്റിനും ജയരാജനും പറയുന്നുണ്ടെങ്കിലും ജോസ് കെ.മാണിയുടെ കീഴില്‍ പാര്‍ട്ടിയില്‍ തുടരാന്‍ ജോസഫ് ഒരിക്കലും തയ്യാറാകില്ല. അദ്ദേഹത്തിനൊപ്പം സി.എഫ് തോമസിനെ പോലെയുള്ള മുതിര്‍ന്ന നേതാക്കളും യു.ഡി.എഫില്‍ തന്നെ തുടരും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K