09 June, 2019 03:29:55 PM
അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേർന്നു ന്യൂനമര്‍ദം; കേരളത്തില്‍ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത
തിരുവനന്തപുരം: തെക്കു കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേർന്നു ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇതു തീവ്ര ന്യൂനമർദമായി പരിണമിക്കാൻ സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്തു മഴ ശക്തമാകും. ന്യൂനമർദം ചുഴലിക്കാറ്റായി പരിണമിക്കുകയും വടക്ക്, വടക്ക്-പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി.
ജൂൺ ഒന്‍പതിന് തെക്കു പടിഞ്ഞാറ്, തെക്കു കിഴക്ക്, മധ്യ കിഴക്ക് അറബിക്കടൽ, തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ലക്ഷദ്വീപ്, കേരള-കർണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുവാൻ സാധ്യതയുണ്ട്. 10ന് തെക്കുപടിഞ്ഞാറ്, തെക്കു കിഴക്ക്, മധ്യ കിഴക്ക് അറബിക്കടൽ, തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ലക്ഷദ്വീപ്, കേരള-കർണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുമുള്ളതിനാൽ ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.