07 June, 2019 10:30:35 PM
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സംയോജിത പദ്ധതികള്‍ക്ക് പരിഗണന നല്‍കണം - മന്ത്രി എ.സി. മൊയ്തീന്‍
കോട്ടയം: തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സംയോജിത പദ്ധതികള്‍ക്ക് പരിഗണന നല്‍കണമെന്ന് മന്ത്രി എ.സി. മൊയ്തീന്‍. വാര്‍ഷിക പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് നാലു ജില്ലകളിലെ തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെ മേഖലാ യോഗം അയ്മനം ഗ്രാമപഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പദ്ധതിയില്‍ ഉള്‍പ്പെട്ട സംയോജിത പദ്ധതികള്‍ക്കുവേണ്ടി പ്രത്യേക ധനസഹായമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാന തലത്തില്‍ 40 കോടി രൂപ മാറ്റിവച്ചെങ്കിലും ഈ മേഖലയില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. ഈ വര്‍ഷവും ഇത്രയും തുക അനുവദിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായോ ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നോ ആലോചന നടത്തി സംയോജിത പദ്ധതികള്‍ക്ക് രൂപം നല്‍കണം.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ സാമ്പത്തികവര്‍ഷാവസാനത്തില്‍ മാത്രം ഊര്‍ജ്ജിതമാക്കുന്ന പതിവ് ഒഴിവാക്കി കൃത്യമായ ടൈം ടേബിള്‍ തയ്യാറാക്കി അതിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം. ഭരണ സമിതികളും ഉദ്യോഗസ്ഥരും സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ ഡിസംബര്‍ മാസത്തോടെ പദ്ധതി വിഹിതത്തിന്‍റെ 75 ശതമാനം ചിലവഴിക്കാനാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇങ്ങനെ പ്രവര്‍ത്തിച്ച ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. നിശ്ചിയിച്ച സമയത്തിനുള്ളില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ പ്രത്യേക മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്തി ഉദ്യോഗസ്ഥരെ പൂര്‍ണമായും സഹകരിപ്പിച്ച് മുന്നോട്ടു പോകണം. പദ്ധതി നടത്തിപ്പില്‍ കാര്യക്ഷമത ഉറപ്പാക്കി നടപ്പു സാമ്പത്തിക വര്‍ഷം മികവിന്‍റെ വര്‍ഷമാക്കി മാറ്റാന്‍ എല്ലാവരും പരിശ്രമിക്കണം-മന്ത്രി പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സണ്ണി പാമ്പാടി അധ്യക്ഷനായി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ.എന്‍. ഹരിലാല്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് എന്നിവര്‍ പ്രഭാഷണം നടത്തി. പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ ബി.എസ്. തിരുമേനി, ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു, സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ വികേന്ദ്രീകൃത ആസൂത്രണ വിഭാഗം മേധാവി എസ്. ആര്‍. സനല്‍കുമാര്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണ്ണാ ദേവി, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി. മാത്യു, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. ആലിച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.