07 June, 2019 12:47:00 PM


ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനെന്നു പാർട്ടി ഭരണഘടനയിൽ ഇല്ലെന്ന് പി.ജെ.ജോസഫ്



തൊടുപുഴ: ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനെന്നു പാർട്ടി ഭരണഘടനയിൽ ഇല്ലെന്നു തുറന്നടിച്ചു പി.ജെ.ജോസഫ്. കേരള കോൺഗ്രസ് (എം) ചെയർമാൻ സ്ഥാനത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിലുള്ള അധികാര വടംവലി ഇതോടെ മൂർച്ഛിക്കുന്നു. കെ.എം.മാണിയുടെ മരണാനന്തരം ചെയർമാൻ സ്ഥാനം ആഗ്രഹിച്ച ജോസ് കെ.മാണിയോടു തുറന്ന യുദ്ധത്തിനു തയാറാണെന്ന സൂചനയാണു ജോസഫ് തൊടുപുഴയിൽ മാധ്യമങ്ങളോടു പങ്കുവച്ചത്.


'ജോസ് കെ.മാണി പാർട്ടി പിളർത്താൻ ശ്രമിക്കുന്നു. അഭിപ്രായ സമന്വയത്തിനു എതിരുനിൽക്കുന്നതു ജോസ് ആണ്. പാർട്ടിയിൽ അഭിപ്രായ സമന്വയത്തിനായി താൻ നിലകൊള്ളും. കാര്യങ്ങൾ മനസ്സിലാക്കാൻ അവർ തയാറാകുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷനു കത്തു നൽകിയിട്ടും പ്രയോജനമുണ്ടാകില്ല. ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനെന്നു പാർട്ടി ഭരണഘടനയിൽ ഇല്ല'– പി.ജെ.ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു.


ഇതിനിടെ, കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗം വിളിക്കാന്‍ ജോസഫിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ജോസ് കെ.മാണി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനല്‍കി. തോമസ് ചാഴികാടന്‍ എംപി, എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, എന്‍.ജയരാജ് എന്നിവരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതോടെ സമവായത്തിലൂടെ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വഴിമുട്ടി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K