23 May, 2019 01:04:54 AM


മണിമലയിൽ വയോധികനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി: പ്രതി കട്ടപ്പന സ്വദേശി പിടിയിൽ




മണിമല: ബാങ്കില്‍ നിന്നെടുത്ത വാര്‍ധക്യപെന്‍ഷന്‍ തട്ടിയെടുക്കാന്‍ വയോധികനെ പരിചയക്കാരനായ യുവാവ്‌ കൊലപ്പെടുത്തി. മണിമല മൂങ്ങാനി പുളിക്കപ്പീടികയില്‍ തോമസി(ബേബി- 88) നെയാണു മദ്യം നല്‍കാമെന്നു പ്രലോഭിച്ചു റബര്‍ത്തോട്ടത്തിൽ കൊണ്ടുപോയി യുവാവ്‌, തോര്‍ത്ത്‌ കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊന്നത്‌. കേസില്‍ കൂലിപ്പണിക്കാരനായ കട്ടപ്പന വള്ളക്കടവ്‌ കോളനി കാരകുന്നില്‍ വില്‍സ(36)നെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.  


പണം അപരിഹരിക്കുന്നതിനായാണ് കൊല ചെയ്തതെന്ന് പ്രതി സമ്മതിച്ചു. പ്രതി സ്ഥിരം മദ്യപാനിയാണ്. ഇന്നലെ വൈകിട്ട് തോമസിനെ കാണ്മാനില്ലെന്ന് പറഞ്ഞ് മണിമല പോലീസ് സ്റ്റേഷനിൽ മകൻ സാബു തോമസ് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് മണിമല പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി വിൽസണിനെയും തോമസിനെയും മണിമല ടൗണ്‍ ഭാഗത്തും, പൂവത്തോലി ഭാഗത്തും ഇന്നലെ പകൽ കണ്ടതായി നാട്ടുകാരിൽ നിന്നും വിവരം ലഭിച്ചു. തുടർന്ന് വിൽസണിനെ കസ്റ്റഡിയിൽ എടുത്ത്‌ ചോദ്യം ചെയ്തതിൽ നിന്ന് കൊലപാതകത്തിന്റെ ചുരുൾ അഴിയുകയായിരുന്നു.

പ്രതി വിൽസൺ കട്ടപ്പന സ്വദേശിയാണ്. കുറച്ചു മാസങ്ങളായി മണിമല ഭാഗത്തു കൂലിവേല ചെയ്തു വരികയായിരുന്നു. സംഭവദിവസം ഇരുവരും പൂവത്തോലി ഭാഗത്തെ റബ്ബർ തോട്ടത്തിൽ എത്തുകയും തുടർന്ന് പ്രതി തോമസിന്റെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തുകയുമായിരുന്നു. കാഞ്ഞിരപ്പളളി DYSP S.മധുസൂധനന്റെ  നേതൃത്വത്തില്‍ മണിമല SHO V.അശോക് കുമാര്‍,  SI. R. രഗീഷ് കുമാര്‍, SI. V.A.ജമാലുദ്ദീന്‍, CPO പ്രമീഷ്, SCPO  മജേഷ് P.മോഹന്‍, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് മണിമല ഫീല്‍ഡ് ഓഫിസര്‍ മുഹമ്മദ് ബൂട്ടോ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K