18 May, 2019 07:50:58 AM
മോനിപ്പള്ളി ചേറ്റുകുളത്ത് ക്ലബ്ബില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതി പിടിയില്‍

കുറവിലങ്ങാട്: മോനിപ്പള്ളി പയസ് മൗണ്ടില്‍ ക്ലബ്ബില്‍ വെച്ചുണ്ടായ വാക്കേറ്റത്തിനൊടുവില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പയസ്മൗണ്ട് വെള്ളാംപാട്ട് (കിഴക്കേപറമ്പില്‍) ഗോപിയുടെ മകന്‍ കെ.ജി. സജികുമാര്‍ (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ചേറ്റുകുളം ബ്രദേഴ്സ് ക്ലബ്ബിലായിരുന്നു സംഭവം. കുത്തേറ്റ ഉടനെ സജികുമാറിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു.
സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതി പയസ് മൗണ്ട് പൊട്ടനാനിയിൽ കുമാരന്‍റെ മകൻ ധനൂപ് (33) പുലര്‍ച്ചെയോടെ പോലീസ് പിടിയിലായി. ഇയാളെ കുറവിലങ്ങാട് പോലീസ് ചോദ്യം ചെയ്തു വരികയാണ്. മുമ്പ് കത്തികുത്ത് കേസില്‍ പ്രതിയാണ് ധനൂപ്. കനത്ത മഴയില്‍ വൈദ്യുതി മുടങ്ങിയ സമയത്താണ് സജിക്ക് കുത്തേറ്റത്. ഈ സമയം ക്ലബ്ബിലെ മുറിയില്‍ ഇവര്‍ രണ്ടു പേരും മാത്രമാണ് ഉണ്ടായിരുന്നത്.
ഒരാഴ്ച മുമ്പ് ധനൂപും സജിയും തമ്മില്‍ വഴക്കുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ക്ലബ്ബിനടുത്തുള്ള ഒരു കടയില്‍ നിന്നും വാങ്ങിയ കത്തി ഉപയോഗിച്ചായിരുന്നുവത്രേ ധനൂപ് കൃത്യം നിര്‍വ്വഹിച്ചത്. കുത്തേറ്റ സജി ഓടി ക്ലബ്ബിന് പുറത്ത് ഒരു മരചുവട്ടില്‍ വീണതോടെയാണ് സമീപവാസികള്‍ വിവരമറിയുന്നത്. മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറവിലങ്ങാട് എസ് ഐ ദിപുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് ആണ് ധനൂപിനെ കസ്റ്റഡിയില്‍ എടുത്തത്. മരിച്ച സജികുമാര്‍ ടാക്സി ഡ്രൈവറാണ്. ഭാര്യ: സിനി. ഒമ്പത് മാസം പ്രായമുള്ള മകളുണ്ട്.