08 May, 2019 01:04:31 PM
തൃശൂരില്‍ നടുറോഡില്‍ യുവതികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; തടയാനെത്തിയ ആംബുലന്‍സ് ഡ്രൈവർക്ക് കുത്തേറ്റു
തൃശൂര്‍: നടുറോഡില്‍ യുവതികള്‍ക്ക് നേരെ നടന്ന ബലാത്സംഗശ്രമം ചെറുക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു. ഡ്രൈവര്‍ ആംബുലന്‍സിന്റെ സൈറന്‍ മുഴക്കി ആള്‍ക്കാരെ ഉണര്‍ത്തി അക്രമിയെ പിടിച്ചുകെട്ടി. തൃശൂര്‍ സ്വരാജ് റൗണ്ട് എംജി റോഡിന് സമീപം നാടോടി സ്ത്രീകള്‍ക്ക് നേരെയായിരുന്നു ആക്രമണം. കോതമംഗലം ഭൂതത്താന്‍കെട്ട് അരീക്കാട്ടില്‍ ജോമോന്‍ വര്‍ഗീസ് (41) എന്നയാളെ അറസ്റ്റ് ചെയ്തു.
കോട്ടയം വില്ലൂന്നി കുന്നംപുറത്ത് ജോണിക്കുട്ടി, സഹപ്രവര്‍ത്തകന്‍ കുന്നംകുളം പൂക്കോട്ടില്‍ ഷിബിന്‍ സിദ്ധാര്‍ഥ് എന്നിവരാണ് യുവതികള്‍ക്ക് രക്ഷകരായത്. അര്‍ധരാത്രിയില്‍ കഞ്ചാവു ലഹരിയില്‍ ജോമോന്‍ തമിഴ്‌നാട് സ്വദേശികളായ യുവതികള്‍ കിടന്നുറങ്ങുമ്പോള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെ മൂര്‍ച്ചയേറിയ മാര്‍ബിള്‍ പാളി വീശി ഓടിച്ചിട്ട് യുവതികളെ ബലാത്സംഗം ചെയ്യാനായിരുന്നു ശ്രമം.
ഈ സമയത്ത് മുതുവറയില്‍ അപകടത്തില്‍പ്പെട്ടയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങുകയായിരുന്ന ആക്ട്‌സ് ആംബുലന്‍സിലെ ഡ്രൈവര്‍ ജോണിക്കുട്ടിയും ഷിബിനും സ്വരാജ് റൗണ്ട് കടന്നു പോകുമ്പോള്‍ എംജി റോഡിനടുത്ത് രണ്ടു നാടോടി സ്ത്രീകള്‍ക്ക് നേരെ മൂര്‍ച്ചയുള്ള മാര്‍ബിള്‍പാളി വീശി ഒരാള്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നത് കണ്ടു വണ്ടി നിര്‍ത്തി. അക്രമിയെ തടഞ്ഞ് യുവതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷിബിനെ ജോമോന്‍ കുത്തിവീഴ്ത്തി. ഉടന്‍ തന്നെ ജോണിക്കുട്ടി ആംബുലന്‍സിലെ സൈറണ്‍ ഉച്ചത്തില്‍ മുഴക്കുകയും ഒരു വടികൊണ്ട് ജോമോന്റെ കയ്യിലിരുന്ന മാര്‍ബിള്‍ പാളി അടിച്ചു താഴെയിടുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാര്‍ ജോമോനെ പിടിച്ചു കെട്ടി പിന്നീട് ആംബുലന്‍സിന്റെ പിന്നിലിട്ട് പോലീസില്‍ ഏല്‍പ്പിച്ചു.