30 April, 2019 09:22:24 PM
കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ചാവേര്‍ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി റിയാസ്
കൊച്ചി: കൊച്ചിയടക്കം കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലും തൃശൂര്‍ പൂരത്തിനും ചാവേര്‍ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായ റിയാസ് അബുബക്കര്‍. ഐഎസ് ബന്ധത്തെ തുടർന്ന് എൻഐഎ അറസ്റ്റിലായ മുതലമട സ്വദേശി റിയാസ് അബൂബക്കറിനെ 29 വരെ റിമാൻഡ് ചെയ്തു. കസ്റ്റഡി അപേക്ഷ 6-ന് പരിഗണിക്കും. അതേസമയം, കേരളത്തിൽ പുതുവൽസര രാവിൽ ചാവേറാക്രമണം നടത്താൻ ഐഎസ് പദ്ധതിയിട്ടതിന്‍റെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്.
കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതിനാണ് പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ അറസ്റ്റുചെയ്തതെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചിരുന്നത്. കൊച്ചിയിലടക്കം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു തീരുമാനമെന്ന് റിയാസ് അബൂബക്കർ എൻഐഎക്ക് മൊഴി നൽകി. സ്ഫോടന സാമഗ്രികൾ സംഘടിപ്പിക്കാൻ റിയാസിനോട് ഐഎസിൽ ചേർന്നവർ നിർദേശിച്ചിരുന്നു. വിദേശികൾ ഒത്തുകൂടുന്ന ഇടങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. എന്നാൽ ഒപ്പമുള്ളവർ ഇതിനെ പിന്തുണച്ചില്ലെന്നും റിയാസ് മൊഴി നൽകിയിട്ടുണ്ട്.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഐഎസിൽ ചേരുന്നതിനായി കേരളത്തിൽ നിന്ന് സിറിയയിലേക്കും അഫ്‍ഗാനിസ്ഥാനിലേക്കും പോയവരാണ് ചാവേറാക്രമണം നടത്തണമെന്ന് തന്നോട് ആവശ്യപ്പെട്ടതെന്നാണ് റിയാസിന്‍റെ മൊഴി. ഇക്കാര്യം തനിക്കൊപ്പമുളളവരോട് പറഞ്ഞെങ്കിലും അവർ അനുകൂലിച്ചില്ല. എന്നാൽ താൻ സ്വന്തം നിലയ്ക്ക് തയാറെടുപ്പുകൾ നടത്തി വരികയായിരുന്നു. ഐഎസിൽ ചേർന്ന റാഷിദാണ് ബോംബ് നിർമാണത്തിന് ആവശ്യമായ സ്ഫോടകവസ്തുക്കൾ ശേഖരിക്കണമന്ന് ആവശ്യപ്പെട്ടതെന്നും മൊഴിയിലുണ്ട്.
പുതുവർഷ രാവിൽ വിദേശ സഞ്ചാരികൾ ഏറെയെത്തുന്ന സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ചാവേറാക്രമണം നടത്തണമെന്നായിരുന്നു ലഭിച്ചിരുന്ന നിർദേശം. ഇതിനായി കൊച്ചിയടക്കമുളള നഗരങ്ങളിലെ ചില പ്രധാന കേന്ദ്രങ്ങൾ നിശ്ചയിച്ചിരുന്നു. കേരളത്തിൽ നിന്ന് വിദേശത്തെത്തി ഐഎസിൽ ചേർന്നവർ അറസ്റ്റിലായ റിയാസിനെ പലപ്പോഴായി നെറ്റ് കോളിലൂടെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. ഇവരിൽ പലരും പിന്നീട് അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റിയാസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലടക്കം എൻഐഎ പരിശോധന തുടരുകയാണ്.