29 April, 2019 09:49:47 PM
സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ എത്തിച്ച കഞ്ചാവുമായി ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ
ഈരാറ്റുപേട്ട: സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ എത്തിച്ച ഒരു കിലോ കഞ്ചാവുമായി ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ . ഈരാറ്റുപേട്ട നടയ്ക്കൽ ഏലക്കയം, മുട്ടത്തിൽപറമ്പിൽ മാഹിനെ (28) യാണ് ജില്ലാ പോലീസ് മേധാവിയുടെ ആന്‍റി ഗുണ്ടാ സ്ക്വാഡും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് എത്തിക്കുന്ന പ്രതി ജില്ലയിലെ പ്രധാന മൊത്ത വിതരണക്കാരിൽ ഒരാളാണ് .
വൻതോതിൽ കഞ്ചാവ് എത്തിച്ചശേഷം സ്കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. സ്കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിയ ശേഷം ഇവരെ സംഘത്തിൽ ചേർക്കുന്നതായിരുന്നു ഇയാളുടെ രീതി. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആന്‍റി ഗുണ്ടാ സ്ക്വാഡിനെയും ലഹരിവിമുക്ത സ്ക്വാഡിനെയും അന്വേഷണത്തിനു നിയോഗിച്ചിരുന്നു.
തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവുമായി ബസ് ഇറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ വരികയായിരുന്ന പ്രതിയെ പ്ലാശനാൽ ഭാഗത്ത് വച്ച് പോലീസ് പിടികൂടുകയായിരുന്നു. എസ്.ഐമാരായ സന്ദീപ്, ബൈജുകുമാർ, എ.എസ്.ഐ ജയ്മോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ്, സിവിൽ പോലീസ് ഓഫീസർ ജീമോൻ , ജയകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.