28 April, 2019 06:18:37 AM
മെയ് രണ്ടു മുതല്‍ ഒരേ സ്ഥലത്തേക്ക് ഒന്നിനു പിറകെ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തില്ല
തൃശൂര്‍: സംസ്ഥാനത്ത് കെ.എസ്.ആര്‍ടി.സി ബസുകള്‍ക്ക് പുതിയ സമയക്രമം. ഇനി മുതല്‍ ഒരേ സ്ഥലത്തേക്ക് ഒന്നിനു പിറകെ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തില്ല. ഒരേ റൂട്ടിലെ എല്ലാ സര്‍വീസുകളുടെയും സമയം ക്രമീകരിക്കാനാണ് നീക്കം. തൃശൂര്‍- എറണാകുളം - തിരുവനന്തപുരം റൂട്ടില്‍ മേയ് രണ്ടു മുതല്‍ ഇതു പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. 15 മിനിറ്റില്‍ ഒരു സൂപ്പര്‍ ഫാസ്റ്റും 10 മിനിറ്റില്‍ ഒരു ഫാസ്റ്റും ഒരു മണിക്കൂര്‍ ഇടവിട്ട് എസി ബസും തൃശൂരില്‍നിന്നു പോകുന്ന തരത്തിലാണു പുതിയ ക്രമീകരണം.
യാത്രക്കാര്‍ ഇല്ലെങ്കിലും ഒരു സ്ഥലത്തേക്കു ഒന്നിലേറെ ബസുകള്‍ ഒരുമിച്ചു പോകുന്ന അവസ്ഥയില്‍ ഈ രീതി സാമ്പത്തിക ലാഭമുണ്ടാകുമെന്നു ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയതിന്‍റെ അടിസ്ഥാനത്തിലാണു പുതിയ ക്രമീകരണം. ജീവനക്കാര്‍ക്കുതന്നെയാകും ഇതിന്‍റെ പഠന ചുമതല. തൃശൂരില്‍ നിന്നു തെക്കോട്ടുള്ള എല്ലാ സര്‍വീസുകളും ദിവസങ്ങള്‍ക്കുള്ളില്‍ ക്രമീകരിക്കും. ഇതു നിരീക്ഷിക്കാനായി മാത്രം ജീവനക്കാരനെ നിയോഗിക്കും. തല്‍ക്കാലം ഫോണ്‍വഴിയായിരിക്കും നിയന്ത്രണം. ഒരു മാസത്തെ നീരീക്ഷണത്തിനുശേഷം പരീക്ഷണം വിജയിച്ചു എന്നു ബോധ്യപ്പെട്ടാല്‍ സംസ്ഥാനത്ത് മുഴുവന്‍ നടപ്പാക്കാനാണ് തീരുമാനം.