27 April, 2019 01:01:55 PM
ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ അസിസ്റ്റന്‍റ് ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ജീവപര്യന്തം
മുംബൈ: വ്യാജ രേഖകള്‍ ഉപയോഗിച്ച് ബാങ്ക് ഓഫ് ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ബാങ്കിലെ മുന്‍ അസിസ്റ്റന്‍റ് മാനേജര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ജീവപര്യന്തം തടവ്. പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ജീവപര്യന്തത്തിന് പുറമെ പ്രതികള്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
19 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുംബൈ അന്ധേരിയിലെ വ്യവസായിയായ മനോഹര്‍ലാല്‍ അഹൂജയും മകന്‍ അമിതും ചേര്‍ന്ന് വ്യാജ രേഖകള്‍ ഉപയോഗിച്ച് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 1.5 കോടി രൂപ വായ്പ എടുത്തത്. എന്നാല്‍ വായ്പ എടുത്ത പണം ഇവര്‍ ബാങ്കില്‍ തിരിച്ചടച്ചില്ല. തുടര്‍ന്ന് ബാങ്കിന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. ആറുപേരാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ പിടിയിലായത്. അമിതിന് 3 കോടി രൂപയും മുന്‍ ബാങ്ക് ജീവനക്കാരന് 4.3 ലക്ഷം രൂപയുമാണ് പിഴ അടയ്ക്കേണ്ടത്.