26 April, 2019 11:28:26 AM


യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിട്ടു, ചാര്‍ജ് മടക്കി നൽകിയില്ല; കല്ലട ബസിനെതിരെ വീണ്ടും പരാതി




കായംകുളം: കല്ലട ബസ് ജീവനക്കാര്‍ക്കെതിരെ വീണ്ടും പരാതി. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ തലേന്നു നാട്ടിലേക്കു പുറപ്പെട്ട  ബംഗളൂരുവില്‍ നിന്നുള്ള കല്ലട ബസ് ജീവനക്കാര്‍ യാത്ര ബോധപൂര്‍വം മുടക്കിയതായാണ് പുതിയ പരാതി. ബസ് ചാര്‍ജു മടക്കി നല്‍കാതെ വന്നതോടെ ഇരട്ടിത്തുക ചെലവിട്ടാണു പലരും നാട്ടിലേക്ക് എത്തിയത്. കല്ലട ബസ് അധികൃതരിൽനിന്ന് മോശം അനുഭവം ഉണ്ടായ കായംകുളം സ്വദേശി എ.എം സത്താറാണ് ഈ വിവരം വെളിപ്പെടുത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ബംഗളൂരുവില്‍നിന്നു ഭാര്യാസഹോദരനൊപ്പം കല്ലട ബസില്‍ സത്താർ നാട്ടിലേക്കു യാത്ര തിരിച്ചത്. മൈസൂരില്‍ എത്തുംമുന്‍പ് വണ്ടിയുടെ എസി കേടായതായി ജീവനക്കാര്‍ അറിയിച്ചു. യാത്രക്കാര്‍ ബഹളമുണ്ടാക്കിയതോടെ വാഹനം നിര്‍ത്തി. മൈസൂരില്‍ എത്തിയാല്‍ പുതിയ ബസ് തയാറാണെന്നു ജീവനക്കാര്‍ പറഞ്ഞു. ചൂട് സഹിച്ചു അന്‍പത് കിലോമീറ്ററോളം യാത്രചെയ്ത് മൈസൂരിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ മൂന്നുമണിക്കൂറോളം കാത്തിരുന്നിട്ടും ബസ് എത്തിയില്ല.

രാത്രി ഒന്‍പതു മണിയായിട്ടും ബസ് വരാത്തതിനെതുടര്‍ന്ന് പണം മടക്കിനല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതുംചെയ്തില്ല. ബസിന്‍റെ എസി തകരാറിലായെന്ന് പറഞ്ഞത് ജീവനക്കാരുടെ തന്ത്രമായിരുന്നെന്നാണു യാത്രക്കാരുടെ ആരോപണം. കേരളത്തിലേക്കു കടന്നാല്‍ പരിശോധന നടക്കുന്നുണ്ടെന്നറിഞ്ഞു യാത്ര ബോധപൂർവം മുടക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്നു തന്നെ യാത്ര റദ്ദാക്കിയിരുന്നെങ്കില്‍ പണം തിരികെ നല്‍കേണ്ടി വരും എന്നതിനാലാണു ഈ ക്രൂരത കാണിച്ചതെന്നാണ് യാത്രക്കാരുടെ പക്ഷം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K