24 April, 2019 11:40:23 AM
പ്രവാസിയുടെ ആളൊഴിഞ്ഞ വീട്ടിലെ കൊല; സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നെന്ന് പ്രതി
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ടൗണില്‍ പ്രവാസിയുടെ ആളൊഴിഞ്ഞ വീട്ടില്‍വെച്ച് മധ്യവയസ്കയെ കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നെന്ന് പ്രതി. കൊല്ലപ്പെട്ട ഉഷാകുമാരി തന്നോട് മുപ്പതിനായിരം രൂപ കടം വാങ്ങിയിരുന്നെന്നും പലവട്ടം ആവശ്യപ്പെട്ടിട്ടും പണം തിരികെ തന്നില്ലെന്നും ചൊവ്വാഴ്ച ഇതുസംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അറസ്റ്റിലായ പ്രതി പ്രഭാകരന്‍ പോലീസിനോട് പറഞ്ഞു. കഴുത്തില്‍ തോര്‍ത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ പോലീസ് ഈ മൊഴികള്‍ പൂര്‍ണ്ണമായി ഉള്‍കൊണ്ടിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി കിട്ടിയാലേ സംഭവത്തിന്‍റെ സ്ഥിതിഗതികള്‍ പൂര്‍ണ്ണമായി വിലയിരുത്താനാവൂ.
ചൊവ്വാഴ്ച രാവിലെയാണ് കട്ടച്ചിറ കടവില്‍ രാജന്‍റെ ഭാര്യ ഉഷാകുമാരി(50)യുടെ മൃതദേഹം ഏറ്റുമാനൂര്‍ പാനൂര്‍ ടോമി ജോസഫിന്‍റെ വസതിയില്‍ കണ്ടെത്തിയത്. സൗത്ത് ആഫ്രിക്കയിലുള്ള ടോമിയുടെ ഏറ്റുമാനൂരില്‍ താമസിക്കുന്ന സഹോദരി വത്സമ്മയെ പ്രഭാകരന്‍ തന്നെയാണ് കൊലപാതകവിവരം വിളിച്ച് അറിയിച്ചത്. വത്സമ്മ അറിയിച്ചതനുസരിച്ച് മറ്റക്കരയിലുള്ള ബന്ധുക്കള്‍ എത്തിയ ശേഷമാണ് പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസ് എത്തി വീട് തുറന്നു പരിശോധിക്കുകയായിരുന്നു. നാല്‍പ്പതിലേറെ വര്‍ഷങ്ങളായി ടോമിയുടെയും ബന്ധുക്കളുടെയും വീടുകളില്‍ വിശ്വസ്ഥനായി ജോലി ചെയ്തു വന്നിരുന്നയാളാണ് മറ്റക്കര സ്വദേശിയായ പ്രഭാകരന്‍. ചൊവ്വാഴ്ച കൃത്യം കഴിഞ്ഞ് വീട് പൂട്ടി വത്സമ്മയോട് 2500 രൂപയും വാങ്ങിയാണ് ഇയാള്‍ സ്ഥലം വിട്ടത്.
കോഴിക്കോടിന് പോകുകയാണെന്നാണ് ടോമിയുടെ സഹോദരിയെ ഫോണില്‍ വിളിച്ചപ്പോള്‍ പ്രഭാകരന്‍ പറഞ്ഞത്. എന്നാല്‍ ഇടുക്കിയിലെ ബന്ധുവീട്ടിലേക്കാണ് പ്രഭാകരന്‍ പോയത്. പോലീസിന്‍റെ അന്വേഷണത്തില്‍ മൊബൈല്‍ റേഞ്ച് കാഞ്ഞിരപ്പള്ളി - എരുമേലി മേഖലയില്‍ ആണെന്നും കണ്ടെത്തിയിരുന്നു. വൈകിട്ട് പള്ളിക്കത്തോട്ടിലെ ബന്ധുവീട്ടില്‍ തിരിച്ചെത്തിയ പ്രഭാകരനെ പോലീസ് അവിടെനിന്നും അറസ്റ്റു ചെയ്യുകയായിരുന്നു. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ ഇരിക്കെ ബുധനാഴ്ച രാവിലെ പ്രഭാകരന് പനിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി.