16 April, 2019 06:33:39 PM
ഏറ്റുമാനൂര്‍ പേരൂരില്‍ കുപ്രസിദ്ധ മോഷ്ടാവ് ഭാര്യയുടെ മകന്‍റെ ചവിട്ടേറ്റ് മരിച്ചു
ഏറ്റുമാനൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ഭാര്യയുടെ മകന്‍റെ ചവിട്ടേറ്റ് മരിച്ചു. പേരൂര്‍ ശങ്കരമല കോളനിയില്‍ നരിക്കുഴി വീട്ടില്‍ ചീക്കമണി എന്ന മണി (70) ആണ് മരിച്ചത്. സംഭവത്തില്‍ മണിയുടെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകന്‍ മനു (34)വിനെ പോലീസ് അറസ്്റ്റ് ചെയ്തു. സ്വാഭാവികമരണമെന്നു കരുതിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ വഴിത്തിരിവുണ്ടാകുകയായിരുന്നു.
മണിയെ തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മണിയുടെ മരണവിവരം വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും തിങ്കളാഴ്ച തന്നെ സംസ്‌കാരം നടത്തുകയും ചെയ്തു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ മണിയുടെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തിയതോടെ സ്വാഭാവികമരണമെന്നു കരുതിയ സംഭവത്തില്‍ വഴിത്തിരിവുണ്ടാകുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ അന്വേഷണം മനുവിലേക്ക് എത്തി. സംസ്‌കാരചടങ്ങുകള്‍ നടക്കുന്നതിനിടെ സ്ഥലത്തെത്തിയ പോലീസ് മനുവിനെ കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.
മനുവിന്റെ രണ്ടാനച്ഛനാണ് മണി. മോഷണക്കേസുള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മണി മദ്യപിച്ച് സ്ഥിരമായി വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നു. ഇതിനിടെ മനുവിന്റെ അമ്മ മൂന്ന് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ചു. പിന്നീട് മണിയുടെ ശല്യം മനുവിന്റെ ഭാര്യയ്ക്കു നേരെയുമുണ്ടായി. തന്റെ ഭാര്യയെ ശല്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മനു ഞായറാഴ്ച രാത്രി മണിയുമായി വാക്കേറ്റമുണ്ടാകുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെ മനു മണിയെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ആഘാതത്തിലാണ് വാരിയെല്ലിന് പരിക്കേറ്റ മണി മരണമടഞ്ഞത്.
ഏറ്റുമാനൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.പി.എബിയുടെ നേതൃത്വത്തില്‍ എഎസ്‌ഐ റജി, സിപിഓമാരായ ജോബിന്‍, ബാബുരാജ്, രമണന്‍, ജോസ്, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് മനുവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.