30 March, 2019 07:57:41 AM
വിഗ്രഹ തട്ടിപ്പ് നടത്താൻ ശ്രമിച്ച നാൽവർ സംഘം ഏറ്റുമാനൂരില്‍ പിടിയിൽ
ഏറ്റുമാനൂർ: പഞ്ചലോഹ വിഗ്രഹങ്ങളാണെന്ന് പറഞ്ഞ് ഓടിൽ തീർത്ത വിഗ്രഹങ്ങൾ വിറ്റ് 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച നാൽവർ സംഘത്തെ ഏറ്റുമാനൂർ പോലീസ് പിടികൂടി. കർണാടക സ്വദേശിയും ഇപ്പോൾ ചേർത്തലയിൽ താമസക്കാരനുമായ ഷിബു (38), ഇടുക്കി കാഞ്ചിയാർ സ്വദേശിയായ ജോബിൻ ജോസ് (38), തൃശ്ശൂർ മടത്തുംപടി സെൻറ് അഗസ്റ്റിൻ പള്ളി ഭാഗത്ത് ഒറവങ്കര വീട്ടിൽ പത്മനാഭൻ മകൻ മനോജ് (41), തിരുവനന്തപുരം ചിറയിൻകീഴ് വില്ലേജിൽ ഒറാനി സ്വദേശി സൂരജ് (27) എന്നിവരാണ് പിടിയിലായത്.
ഏറ്റുമാനൂര്‍ നൂറ്റൊന്നു കവല ഭാഗത്തുള്ള ടിനു പി തോമസ് എന്ന യുവാവിനെ തന്‍റെ പക്കൽ പഞ്ചലോഹ വിഗ്രഹം ഉണ്ടെന്ന് പറഞ്ഞ് ഷിബു ഏറ്റുമാനൂര്‍ മീൻ മാർക്കറ്റ് ജംഗ്ഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വിഗ്രഹങ്ങൾ കാറിൽ മീൻ മാർക്കറ്റ് ജംഗ്ഷനിൽ എത്തിച്ചശേഷം ടിനുവിനെ വിളിച്ചു വരുത്തി കാണിക്കുകയായിരുന്നു, എന്നാൽ വിഗ്രഹങ്ങൾ മോഷണമുതൽ ആണെന്ന് സംശയം തോന്നിയ ടിനു ഏറ്റുമാനൂർ പോലീസിൽ വിവരം അറിയിച്ചു. തുടര്‍ന്ന് ഏറ്റുമാനൂർ പോലീസ് നടത്തിയ അന്വേഷണത്തില്‍ വിൽക്കാൻ ശ്രമിച്ച വിഗ്രഹങ്ങൾ ഓടിൽ തീർത്തതാണെന്നും ഷിബുവിന്‍റെ കൂടെ മറ്റു മൂന്ന് പേർ കൂടി സംഘത്തിലുണ്ട് എന്ന് കണ്ടെത്തി.
പരാതിക്കാരിൽ നിന്നു ലഭിച്ച അടയാളങ്ങൾ വച്ച് നടത്തിയ അന്വേഷണത്തിൽ മെഡിക്കൽകോളേജ് ഭാഗത്ത് നിന്നും ആണ് കാറിൽ നിന്നും പ്രതികളെ പിടികൂടിയത്. അഡീഷനൽ എസ്ഐ ജയരാജ്, സി പി ഒ രഞ്ജിത്ത് സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഓടു വിഗ്രഹങ്ങളുമായി പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ മറ്റു ജില്ലകളിൽ സമാനമായ രീതിയിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പിടികൂടിയ വിഗ്രഹങ്ങളിൽ ദേവിവിഗ്രഹം കഷണങ്ങളായി മുറിച്ച നിലയിലായിരുന്നു.