26 March, 2019 06:54:33 PM
സ്വത്ത് തര്‍ക്കം: അമ്മാവനെ കൊലപ്പെടുത്തിയ കേസില്‍ മരുമക്കളും കൂട്ടാളികളും അറസ്റ്റില്‍
പെരുമ്പാവൂര്‍: കുടുംബ സ്വത്ത് സംബന്ധമായ തര്‍ക്കത്തില്‍ ഐമുറി ആലിന്‍ചുവട് ഭാഗത്ത്, വിച്ചാട്ടുപറമ്പില്‍ പത്മനാഭന്‍റെ മകന്‍ ബേബി(66)യെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ബേബിയുടെ സഹോദരിയുടെ മക്കളായ പെരുമ്പാവൂര്‍ ബി.ഒ.സി റോഡില്‍ കക്കാട്ടില്‍ വീട്ടില്‍ ബാബുവിന്‍റെ മകന്‍ അഖില്‍ ബാബു (27), സഹോദരന്‍ മിഥുന്‍ ബാബു (33) എന്നിവരേയും ഇവരുടെ സുഹൃത്ത് വളയന്‍ചിറങ്ങര വിമല അമ്പലത്തിന് സമീപം മാതാപറമ്പില്‍ സുഗതന്‍റെ മകന്‍ സുബിന്‍ ബാബു (27), സംഭവ സ്ഥലത്ത് നിന്നും പ്രതികളെ രക്ഷപെടാന്‍ സഹായിച്ച കടുവാള്‍ ഭാഗത്ത് ചിറപ്പുല്ലില്‍ ഷംസുദ്ദീന്‍റെ മകന്‍ ഷംഷാദ് (28), കാഞ്ഞിരക്കാട് പള്ളിപ്പടി ഭാഗത്ത് ഉപ്പൂട്ടില്‍ സുബൈറിന്‍റെ മകന്‍ മുഹമ്മദ് അസലം (23) എന്നിവരാണ് പിടിയിലായത്.
പ്രതികളായ അഖിലും, മിഥുനും അമ്മാവനായ ബേബിയും തമ്മില്‍ കുടുംബ സ്വത്തായ പുളിനാട്ട് ലൈന്‍ ഭാഗത്തുള്ള വസ്തുവിനും, കടമുറിയ്ക്കും തര്‍ക്കം നിലനിന്നിരുന്നു. മാര്‍ച്ച് 24ന് വൈകിട്ട് 4 മണിയ്ക്ക് കടമുറി വൃത്തിയാക്കാന്‍ ബേബിയും മകനും വന്നു. കട വൃത്തിയാക്കുന്നത് അറിഞ്ഞ് ബേബിയുടെ സഹോദരിയുടെ മക്കളായ അഖിലും, മിഥുനും ഇവരുടെ സുഹൃത്ത് സുബിനും സ്ഥലത്തെത്തി. കടമുറി വൃത്തിയാക്കുന്നതിനെപ്പറ്റി ബേബിയുമായി തര്‍ക്കം ഉണ്ടാക്കുകയും തുടര്‍ന്നുണ്ടായ അടിപിടിയില്‍ ബേബിയുടെ 3 വാരി എല്ല് ഒടിയുകയും ചെയ്തു. ബേബിയെ പെരുമ്പാവൂര്‍ ഗവ. താലൂക്ക് ആശപത്രിയിലും അവിടെ നിന്നും സാന്‍ജോ ആശുപത്രിയിലും എത്തിച്ചെങ്കിലും പരിക്കിന്‍റെ കാഠിന്യത്താല്‍ മരണം സംഭവിച്ചു.
പെരുമ്പാവൂര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജി. വേണു, പോലീസ് ഇന്‍സ്‌പെക്ടര്‍ സുമേഷ് കെ, സബ് ഇന്‍സ്‌പെക്ടര്‍ ലൈസാദ് മുഹമ്മദ്, കെ.പി എല്‍ദോസ്, അസി സബ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍, അലി പോലീസ് ഉദ്യോഗസ്ഥരായ രാജീവ്, ദിലീപ്, സുനില്‍, ഷര്‍നാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.