21 March, 2019 08:06:53 PM
അപകടം വിനയായി; കൂട്ടാളിയെ വഴിയിലുപേക്ഷിച്ചു: ഒറ്റ രാത്രിയില്‍ രണ്ട് ബൈക്കുകള്‍ മോഷ്ടിച്ചവര്‍ എന്നിട്ടും പിടിയിലായി
പാല: മോഷ്ടിച്ച ബൈക്കുമായി കടന്നു കളയുന്നതിനിടെ അപകടത്തില്‍പ്പെട്ട മോഷ്ടാക്കൾ പിടിയിൽ. ഒറ്റരാത്രി തുടർച്ചയായി രണ്ടു ബൈക്കുകൾ മോഷ്ടിച്ച പൂവത്തോട് കീഴമ്പരക്കരി സെൽവം മകൻ രതീഷ് (26), ഈരാറ്റുപേട്ട വട്ടപ്പാറയിൽ സബീർ (30) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച ബൈക്കുമായി കടന്നു കളയുന്നതിനിടയിൽ അപകടത്തിൽ പരിക്കേറ്റ സബീറിനെ വഴിയില്‍ ഉപേക്ഷിച്ച് സമീപത്തെ വീട്ടിൽ നിന്ന് അടുത്ത ബൈക്കും കവർന്ന് രതീഷ് കടന്നു കളയുകയായിരുന്നു. എന്നാൽ പെട്രോൾ തീർന്നതിനെതുടര്‍ന്ന് രണ്ടാമത്തെ ബൈക്ക് വഴിയിലുപേക്ഷിച്ച് ബസ്സിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രതീഷ് പിടിയിലാവുകയായിരുന്നു. ഒപ്പം പരിക്കേറ്റ പങ്കാളിയും.
പള്ളിക്കത്തോട് നിന്നു കവർന്ന ബൈക്കുമായി രതീഷും സബീറും പാലാ ഭാഗത്തേക്ക് വരുന്നതിനിടെ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കുമ്പാനി - മുത്തോലി റോഡിൽ മീനച്ചിൽകാവ് ഭാഗത്തുള്ള വളവിൽ ബൈക്ക് മറിയുകയായിരുന്നു സാരമായ പരിക്കേറ്റ സബീറിനെ വഴിയിലുപേക്ഷിച്ച് സമീപത്തെ വീട്ടിലെ ബൈക്കും കവർന്ന് രതീഷ് സ്ഥലംവിട്ടു. പാലാ ടൗണിലെ ടാക്സി ഡ്രൈവറായ മീനച്ചിൽ ചെരുവിൽ രാധാകൃഷ്ണന്‍റെ ബൈക്ക് ആണ് രണ്ടാമത് കവർന്നത്.
വഴിയിൽ കിടന്ന സബീറിനെ പാലാ പോലീസ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിച്ചു. ഇയാളിൽനിന്ന് രതീഷിന്‍റെ മൊബൈൽ നമ്പർ മനസ്സിലാക്കി സൈബർസെല്ലിന്‍റെ സഹായത്തോടെ പിന്തുടർന്നാണ് രതീഷിനെ പിടികൂടിയത്. രതീഷ് ഏറ്റുമാനൂർ ഭാഗത്ത് എത്തിയപ്പോൾ പെട്രോൾ തീർന്നതോടെ രണ്ടാമത്തെ ബൈക്കും വഴിയിലുപേക്ഷിച്ചു പിന്നീട് ബസിൽ സഞ്ചരിക്കവേ വൈക്കം ഭാഗത്തുവച്ച് കോട്ടയം എസ് പി യുടെ സ്ക്വാഡും വൈക്കം പോലീസും ചേർന്ന് പിടികൂടുകയായിരുന്നു ഇരുവരെയും പള്ളിക്കത്തോട് പോലീസിന് കൈമാറി.