10 March, 2019 05:45:26 PM


കോട്ടയത്ത് പണമിടപാടു സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്: നാല് പേര്‍ അറസ്റ്റില്‍; നിരവധി രേഖകള്‍ പിടിച്ചെടുത്തു



കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള അനധികൃത പണമിടപാടുസ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. നിരവധി തിരിച്ചറിയല്‍ രേഖകള്‍, മുദ്രപത്രങ്ങള്‍, ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തു. കറുകച്ചാല്‍, വാകത്താനം, ഏറ്റുമാനൂര്‍, അയര്‍കുന്നം, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ കുറെ നാളുകളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അമിതമായ പലിശയിടപാടു നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് ജില്ല പോലീസ് മേധാവി ഹരിശങ്കര്‍  റെയ്ഡിനു നിര്‍ദേശം നല്‍കുകയായിരുന്നു.


വാകത്താനം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന റെയ്ഡില്‍ പന്ത്രണ്ടാംകുഴി പുളിമൂട്ഭാഗത്ത്‌ കാവുങ്കല്‍മൂലയില്‍ കെ.എ൦ കുര്യന്‍(70) എന്നയാളെ അറസ്റ്റു ചെയ്തു. ഇയാളുടെ പക്കല്‍ നിന്നും തിരിച്ചറിയല്‍ രേഖകള്‍, മുദ്രപത്രങ്ങള്‍, ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍ എന്നിവ കണ്ടെടുത്തു. വാകത്താനം പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസാണ് പിടികൂടിയത്.


അയര്‍കുന്നത്ത് നടന്ന റെയ്ഡില്‍ തിരുവഞ്ചൂര്‍ സ്വദേശി രാജേഷ്‌(43) ആണ് പിടിയിലായത്. നിയമപരമായ ലൈസന്‍സ് ഇല്ലാതെ പണമിടപാട് സ്ഥാപനം നടത്തിയ ഇയാളുടെ വീട്ടില്‍നിന്നും വാഹനങ്ങളുടെ ആര്‍.സി ബുക്ക്‌, വാഹനങ്ങളുടെ താക്കോല്‍, രണ്ടുലഷം രൂപ എന്നിവയും കണ്ടെടുത്തു.


ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നഗരത്തിലെ അനധികൃത ധനകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ടു പേര്‍ പിടിയിലായി. ഏറ്റുമാനൂര്‍ കാണക്കാരി സ്വദേശി മനോജ്‌ ജോസഫ്‌ (43), അതിരമ്പുഴ സ്വദേശി രാജന്‍ തോമസ്‌ (47) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സ്ഥാപനങ്ങളിലും, വീടുകളിലും നടത്തിയ പരിശോധനയിലാണ് രേഖകള്‍ കണ്ടെടുത്തത്. നിയമവിരുദ്ധമായി ഇടപാടുകാരുടെ കൈയ്യില്‍ നിന്നും വാങ്ങിയ രേഖകളുടെ വലിയ ശേഖരം പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുകഎഴുതാത്ത ഒപ്പിട്ട ചെക്കുകള്‍, ഒപ്പിട്ട മുദ്രപത്രങ്ങള്‍, വെള്ള പേപ്പറില്‍ സ്റ്റാമ്പ്‌ ഒട്ടിച്ചു ഒപ്പിട്ടത്, പ്രോമിസറി നോട്ട് എന്നിവയുടെ ശേഖരമാണ് പിടികൂടിയത്.


കോട്ടയം ഡിവൈഎസ്പി ആര്‍.ശ്രീകുമാറിന്‍റെ നേതൃത്വത്തിലാണ് റെയ്ഡു നടന്നത്. കടുത്തുരുത്തി, കുറുവിലങ്ങാട്കറുകച്ചാല്‍ തുടങ്ങിയ സ്റ്റേഷന്‍ പരിധിയിലുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. ഇതിന്‍റെ ഭാഗമായി കുറുവിലങ്ങാട് നെടുനിലം ജെസ്റ്റിനെതിരെ കടുത്തുരുത്തി പോലീസ് കേസെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K