09 March, 2019 09:56:45 PM


തെക്കൻ കേരളത്തിൽ ലഹരി ഗുളിക വിൽപന നടത്തുന്നവരില്‍ പ്രധാനി പിടിയിയിൽ



കോട്ടയം: തെക്കൻ കേരളത്തിൽ ലഹരി ഗുളിക വിൽപന നടത്തുന്നവരില്‍ പ്രധാനിയായ തിരുവനന്തപുരം വള്ളക്കടവ് പള്ളം സ്വദേശി മുഹമ്മദ് അസ്കറിനെ (21) മാങ്ങാനം ഷാപ്പിൽ നിന്ന് മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അറസ്റ്റ് ചെയ്തു. കളത്തിപ്പടി, കാരാണി, ഗാന്ധിനഗർ, അതിരമ്പുഴ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യുവാക്കളും വിദ്യാർഥികളും ലഹരി ഗുളികകൾ ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നതായി ജില്ലാ പോലീസ് മേധാവിക്ക് വിവരം കിട്ടിയിരുന്നു.


ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം കോട്ടയം ഡിവൈഎസ്പി ശ്രീകുമാറിനെ ഏൽപ്പിക്കുകയായിരുന്നു. മാനസിക രോഗികൾക്ക് മരുന്നു വാങ്ങാൻ ഡോക്ടർ കൊടുക്കുന്ന കുറിപ്പടി ഉപയോഗിച്ച് കോട്ടയം മെഡിക്കൽ കോളേജിന് സമീപമുള്ള കടയിൽ നിന്നാണ് പ്രതി നൈട്രോസൻ (Nitrosun) എന്ന മാനസിക രോഗികൾക്ക് മാത്രം കൊടുക്കുന്ന ഗുളിക വാങ്ങിയത്. തുടർന്ന് കോട്ടയം ടൗണിലെയും മറ്റും ഫ്‌ളാറ്റുകളിൽ ലിഫ്റ്റ് ടെക്നിഷ്യൻ എന്ന വ്യാജേന എത്തി യുവാക്കൾക്കും മറ്റും ഒരു ഗുളികയ്ക്കു 300 രൂപ എന്ന നിരക്കിൽ വില്പന നടത്തി വരികയായിരുന്നു. 


പ്രതിയുടെ കയ്യിൽ നിന്നും 65 ലഹരി ഗുളികകൾ കണ്ടെടുത്തു. പ്രതി മുൻപ് തിരുവനന്തപുരം മണ്ണന്തല പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് കേസിൽ പിടിയിലായി ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി കൊച്ചാപ്പ എന്നു വിളിക്കുന്ന ആളാണ് സംഘത്തിന്‍റെ നേതാവ്. കൊച്ചാപ്പയുടെ നിർദ്ദേശപ്രകാരം പ്രതി ഉയർന്ന അളവിൽ മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങുന്ന  ലഹരി ഗുളികകൾ കോട്ടയം മുതൽ തിരുവനന്തപുരം വരെ വിവിധ ജില്ലകളിൽ വിൽപ്പന നടത്തും. രൂപയും ബാക്കി ഗുളികകളും കൊച്ചാപ്പയെ ഏൽപ്പിക്കുകയാണ് പതിവ്. നിരവധി യുവാക്കളും വിദ്യാർത്ഥികളും ആണ് ഉള്ളത്. 


കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കോട്ടയം ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈസ്റ്റ് എസ്എച്ച്ഓ ബിനു, എസ്ഐ മഹേഷ്‌കുമാർ, ആന്‍റി ഗുണ്ടാ സ്ക്വാഡ് എസ്ഐ ടി.എസ്. റനീഷ്. എഎസ്ഐമാരായ വി.എസ്.ഷിബുക്കുട്ടൻ, എസ്. അജിത്, ഐ.സജികുമാർ, സീനിയർ സിവിൽ പോലീസുമാരായ പി.എൻ.മനോജ്, ബിജു പി.നായർ, സജുമോൻ ഫിലിപ്പ്‌ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K