09 March, 2019 03:12:58 AM
ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് വൈദികരെ പൂട്ടിയിട്ട് പള്ളിയില്‍ വന്‍കവര്‍ച്ച
ചങ്ങനാശേരി: വികാരിയെയും മൂന്ന് അസി. വികാരിമാരെയും മുറികളില്‍ പൂട്ടിയിട്ടു പള്ളിയില്‍ വന്‍ കവര്‍ച്ച. തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോനാ പള്ളി വികാരി ഫാ.വര്‍ഗീസ് കാലായിലിനെയും സഹവൈദികരെയും പൂട്ടിയിട്ട് ഓഫീസില്‍നിന്ന് നാലുലക്ഷം രുപയാണു കവര്‍ന്നത്. ഇതിനു പുറമെ, വികാരിയുടെ മുറിയുടെ പുറത്തുള്ള മേശയിലുണ്ടായിരുന്ന രേഖകളും പണവും ഓഫീസിലുണ്ടായിരുന്ന ചെക്കുകളും കവര്‍ന്നു. വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം.
ഇന്നലെ പുലര്‍ച്ചെ ഉണര്‍ന്ന വികാരി, 5.30നു വിശുദ്ധകുര്‍ബാന അര്‍പ്പിക്കാനായി മുറിതുറക്കാന്‍ ശ്രമിച്ചപ്പോഴാണു പുറത്തുനിന്നു പൂട്ടിയതായി മനസിലാക്കിയത്. അതിനാല്‍, മറ്റു വൈദികരെ വിളിച്ചപ്പോള്‍ അവരുടെ മുറികളും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്നു സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ചുവരുത്തിയപ്പോഴാണ് എല്ലാവരും ബന്ദികളായിരുന്നുവെന്നു വ്യക്‌തമായത്.
വൈദികമന്ദിരത്തിന്റെ താഴത്തെ നിലയിലുള്ള ഓഫീസും അലമാരകളും പൊളിച്ച നിലയിലായിരുന്നു. പള്ളിയില്‍ നിന്നു വൈദികമന്ദിരത്തിലേക്കുള്ള ഗ്രില്‍ തുറന്ന്, ഗ്ലാസ്‌വാതിലിനു താഴെയുള്ള പ്ലൈവുഡ് ഇളക്കിമാറ്റിയാണ് മോഷ്‌ടാവ് അകത്തു പ്രവേശിച്ചതെന്നു പോലീസ് പറഞ്ഞു. സ്‌റ്റീല്‍ അലമാരയും തടിഅലമാരയും തകര്‍ത്തു. സ്‌റ്റീല്‍അലമാരയില്‍ സൂക്ഷിച്ചിരുന്ന തുകയാണു മോഷണം പോയതെന്നു കൈക്കാരന്‍മാര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ വാതില്‍ തകര്‍ത്ത് ലോക്കറുകളെല്ലാം തുറന്നു. മറ്റൊരു അലമാര താക്കോല്‍ ഉപയോഗിച്ചാണു തുറന്നത്.
ഫൊറോനാപള്ളിയില്‍നിന്ന് കേവലം 250 മീറ്റര്‍ അകലെയാണു പോലീസ് സ്‌റ്റേഷന്‍. പോലീസും കോട്ടയത്തുനിന്നുളള ഡോഗ് സ്‌ക്വാഡും ഫിംഗര്‍ പ്രിന്റ് ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി പരിശോധന നടത്തി. ബിജു കുമാറിന്റെ നേതൃത്വത്തിലെത്തിയ സ്‌ക്വാഡിലെ പോലീസ് നായ "ജില്‍" മോഷണം നടന്ന മുറികളില്‍ പരിശോധന നടത്തിയ ശേഷം പള്ളിയുടെ പിന്നില്‍ വരെ ഓടി തിരിച്ചുപോന്നു. ഫിംഗര്‍ പ്രിന്റ് ഉദ്യോഗസ്‌ഥ കെ.ആര്‍. ഷൈലജയുടെ നേതൃത്വത്തില്‍ തെളിവുകള്‍ ശേഖരിച്ചു. സി.ഐ: വി.പി. ജോയി, എസ്.ഐ: പി.എം. ഷെമീര്‍, എ.എസ്.ഐമാരായ, പി.കെ. ഷാജിമോന്‍, പി.കെ. മോഹനന്‍, സി.പി.ഒ: രഞ്‌ജീവ് ദാസ്, ഷാഡോ പോലീസ് അംഗങ്ങളായ, സിബിച്ചന്‍, അന്‍സാരി, അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ മോഷ്‌ടാക്കള്‍ക്കായി അന്വേഷണം ആരംഭിച്ചു.