02 March, 2019 10:27:21 PM
ചിതറയിലെ കൊലപാതകം: പരസ്പരം പഴിചാരി കോണ്‍ഗ്രസും സിപിഎമ്മും; ആശങ്കയിലാഴ്ത്തി ഹര്‍ത്താല്‍
കൊല്ലം: കൊല്ലം ചിതറയില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവം രാഷ്ട്രീയകൊലപാതകമല്ലെന്ന് നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും. ചിതറ വളവുപച്ച മഹാദേവര്‍കുന്നില്‍ സ്വദേശി ബഷീറി (70) നെയാണ് വീട്ടില്‍ കയറി കുത്തിക്കൊന്നത്. സംഭവത്തെതുടര്‍ന്ന് അയല്‍വാസിയായ ഷാജഹാനെ കടയ്ക്കല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കളിയാക്കിയുള്ള ഇരട്ടപ്പേര് വിളിച്ചതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കവും മുന്‍വൈരാഗ്യവുമാണ് കത്തികുത്തില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ ബഷീറിന്‍റെ വീട്ടിലെത്തിയാണ് ഷാജഹാന്‍ ആക്രമിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ ബഷീര്‍ മരിച്ചു. വൈകിട്ടോടെ ഇയാള്‍ പോലീസ് കസ്റ്റഡിയിലാകുകയും ചെയ്തു. സിപിഎം വളവുപച്ച ബ്രാഞ്ച് അംഗമാണ് ബഷീര്‍. ഷാജഹാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നാണ് സിപിഎം പ്രചരണം. എന്നാല്‍ മരിച്ചതും കൊന്നതും സിപിഎം അനുഭാവികളാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതേസമയം ഷാജഹാന്‍ ഒരു പാര്‍ട്ടിയിലും ഉള്‍പ്പെട്ടയാളല്ലെന്നാണ് നാട്ടുകാര്‍ വെളിപ്പെടുത്തുന്നത്. രണ്ട് മാസം മുമ്പ് സ്വന്തം സഹോദരനെ കുത്തി അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഷാജഹാന്‍. ഇയാള്‍ക്കെതിരെ കടയ്ക്കല്‍ പോലീസ് കേസെടുത്തിരുന്നു.
ചിതറയില്‍ ഞായറാഴ്ച സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചതായുള്ള വാര്‍ത്തകള്‍ ആരും സ്ഥിരീകരിച്ചിട്ടുമില്ല. ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പിന്‍വലിച്ചു. എന്നാല്‍ തങ്ങള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന നിലപാടിലാണ് പാര്‍ട്ടിയുടെ പ്രാദേശികനേതാക്കള്‍. ഇതിനിടെ പീപ്പിള്‍ ഉള്‍പ്പെടെയുള്ള ചാനലുകളില്‍ ഞായറാഴ്ച ഹര്‍ത്താല്‍ എന്ന വാര്‍ത്ത വന്നുതുടങ്ങിയതോടെ ആകെ ആശങ്കയിലായിരിക്കുകയാണ് ചിതറയിലെ ജനങ്ങള്‍.