19 February, 2019 05:38:10 PM


കാസര്‍കോട് ഇരട്ടക്കൊലപാതകം: സിപിഎം നേതാവ് പീതാംബരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി



കാസർകോട് : ഇരട്ടക്കൊലപാതക കേസിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം എ പീതാംബരന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പീതാംബരന്‍റെ പ്രേരണയിലാണ് കൊലപാതകം നടന്നതെന്ന് കാസർകോട് എസ്പി എ.ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നും പീതാംബരനെ നാളെ കോടതിയിൽ ഹാജരാക്കുമെന്നു എസ് പി അറിയിച്ചു. 


സിപിഎം പെരിയ ലോക്കൽ കമ്മിറ്റിയംഗമായിരുന്നു പീതാംബരൻ. കൊലപാതകത്തിന് പിന്നിൽ പീതാംബരനാണെന്ന വാർത്ത വന്നയുടൻ തന്നെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം തീരുമാനമെടുത്തിരുന്നു. ഇരട്ടക്കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന പീതാംബരനെ ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകങ്ങൾക്ക് ശേഷം ഒളിവിൽ പോയ പീതാംബരനെ കാസർകോട് - കർണാടക അതിർത്തിപ്രദേശത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.


പീതാംബരനെ ആക്രമിച്ചെന്ന കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‍ലാലും. കൃപേഷുൾപ്പടെയുള്ളവരെ ക്യാംപസിൽ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് - സിപിഎം പ്രവർ‍ത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിലാണ് പീതാംബരന്‍റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷൻ നൽകിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K