15 February, 2019 07:03:29 PM
സ്കൂളുകളില്‍ കഞ്ചാവ് വില്‍പ്പന: കോട്ടയം ജില്ലയില്‍ 5 പേര്‍ പിടിയില്‍
കുറവിലങ്ങാട്: സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന സംഘത്തിലെ മൂന്ന് പേര്‍ പോലീസ് പിടിയില്‍. ഉഴവൂര്‍ കുളക്കാട്ട് റോക്സന്‍, സഹോദരന്‍ ജോക്സന്‍, പൂവത്തിങ്കല്‍ നിലച്ചിറയില്‍ വിഷ്ണു എന്നിവരാണ് 1 കിലോ 80 ഗ്രാം കഞ്ചാവുമായി കുറവിലങ്ങാട് എസ് ഐ ദീപുവിന്‍റെ നേതൃത്വത്തിലുള്ള പോലീസിന്‍റെ പിടിയിലായത്. ഉഴവൂര്‍, വെളിയന്നൂര്‍, കൊടുവേലി, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി മേഖലകളിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ചെറുപൊതികളായാണ് ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്നത്.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇവരുടെ വീട്ടില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തതും പ്രതികള്‍ പിടിയിലായതും. ഇവരില്‍ ജോക്സണ്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഉള്‍പ്പെടെ പല കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന രണ്ടു യുവാക്കള്‍ മേഖലയില്‍ പിടിയിലായിരുന്നു.
കാഞ്ഞിരപ്പള്ളി: ടൗണിലെ കുറുക്കുറോഡ് ഭാഗത്തുള്ള സ്കൂൾ പരിസരത്തുനിന്നും 120 ഗ്രാം കഞ്ചാവുമായി ഇടക്കുന്നം കൂവക്കാവ് വീട്ടിൽ മരക്കാർ മകൻ സലീം പോലീസ് പിടിയില്‍. സ്കൂളിന് സമീപത്തുനിന്നും പിടികൂടിയ ഇയാൾ കുട്ടികൾക്ക് ഗഞ്ചാവ് വിൽപ്പന നടത്തിയിട്ടുണ്ടോ എന്നും മറ്റു കേസുകളിൽ പ്രതിയാണോ എന്നും അന്വേഷിച്ചുവരികയാണ്. ഇയാൾക്കെതിരെ എന്‍ഡിപിഎസ് നിയമപ്രകാരം കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സാബു കെ ബി, സിപിഓ ശ്രീരാജ്, ഡാൻസാഫ് ടീം അംഗങ്ങളായ ഗ്രേഡ് എ എസ് ഐ നൗഷാദ്, സിപിഓമാരായ റിച്ചാർഡ് സേവ്യർ, സജു, എസ് സിപിഓ നവാസ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഈരാറ്റുപേട്ട: ചെന്നാടുകവല സ്കൂൾ പരിസരത്തുനിന്ന് 30 ഗ്രാം കഞ്ചാവുമായി ഈരാറ്റുപേട്ട കല്ലോലിൽ വീട്ടിൽ മുഹമ്മദിന്‍റെ മകൻ ഹുമയൂൺ (28) പോലീസ് പിടിയിലായി. ഇയാൾ ആറോളം മോഷണ കേസുകളിലും, കഞ്ചാവ്കേസുകളിലും മുമ്പും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. ജില്ലാ പോലിസ് മേധാവിയുടെ ഡെൻസാഫ് ടിമിലെ എ.എസ്.ഐ ജെയ്മോൻ, എസ്.സി.പി.ഓ ജയകുമാർ, ഡി വൈ എസ്സ് പി പാലായുടെ ആന്‍റി ഗുണ്ടാ ടീമിലെ എ.എസ്.ഐ അനിൽ, എസ്.സി.പി.ഓ ഷിനോയി, സി.പി.ഓ ഷെറിൻ, സുനിൽ, എന്നിവർ ചേർന്നാണ് ഹുമയൂണിനെ പിടികൂടിയത്.